ad
Deshabhimani

print edition രാജസ്ഥാനെ 'അകത്താക്കി' ആർച്ചെർ

Jofra Archer .jpg
വെബ് ഡെസ്ക്

Published on May 25, 2026, 01:02 AM | 2 min read

മുംബൈ: അഞ്ച്‌ തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ തട്ടകത്തിൽ വീഴ്‌ത്തി രാജസ്ഥാൻ റോയൽസ്‌ ഐപിഎൽ ക്രിക്കറ്റ്‌ പ്ലേഓഫിലേക്ക്‌ കുതിച്ചു. വാംഖഡെ സ്‌റ്റേഡിയത്തിൽ രാജസ്ഥാന്റെ വിജയം 30 റണ്ണിനാണ്‌. വിജയത്തിൽ കുറഞ്ഞതൊന്നും ഗുണം ചെയ്യില്ലെന്ന്‌ തിരിച്ചറിഞ്ഞ രാജസ്ഥാൻ ഓൾറ‍ൗണ്ട്‌ മികവിലൂടെയാണ്‌ ലക്ഷ്യം കണ്ടത്‌. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുംബൈയെ അരിഞ്ഞിട്ട ഇംഗ്ലണ്ടുകാരൻ ജോഫ്ര ആർച്ചെർ ‘മാൻ ഓഫ്‌ ദി മാച്ചായി’. നാല്‌ ഓവറിൽ 17 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ പേസർ 15 പന്തിൽ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 32 റണ്ണുമെടുത്തു. സ്‌കോർ: രാജസ്ഥാൻ 205/8, മുംബൈ 175/9.


പതിനെട്ട്‌ വർഷം മുന്പ്‌ ആദ്യ ഐപിഎല്ലിൽ കിരീടം നേടിയിട്ടുള്ള രാജസ്ഥാൻ ഇത്തവണ 14 കളിയിൽ എട്ട്‌ ജയവും ആറ്‌ തോൽവിയുമടക്കം 16 പോയിന്റോടെ നാലാമതായി. 27ന്‌ എലിമിനേറ്ററിൽ മൂന്നാംസ്ഥാനക്കാരായ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നേരിടും. ഒന്നാംസ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു 26ന്‌ ഒന്നാം ക്വാളിഫയറിൽ രണ്ടാമതെത്തിയ ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. ജയിക്കുന്നവർ ഫൈനലിലെത്തും. തോറ്റവർ എലിമിനേറ്റർ ജയിച്ചവരുമായി ഏറ്റുമുട്ടും.


ടോസ്‌ നഷ്‌ടപ്പെട്ട രാജസ്ഥാനുവേണ്ടി ഓരോ ബാറ്ററും നേടിയ ചെറിയ സ്‌കോറുകൾ കൂടിച്ചേർന്നപ്പോൾ 200 കടന്നു. ആർച്ചെർ അപ്രതീക്ഷിതമായി നടത്തിയ റണ്ണടിയാണ്‌ തുണയായത്‌. ധ്രുവ്‌ ജുറെൽ (38), ദാസുൻ ഷനക(29), യശസ്വി ജയ്‌സ്വാൾ(27), ഡൊണോവൻ പെരേര (18), ക്യാപ്‌റ്റൻ റിയാൻ പരാഗ്‌ (14) എന്നിവർ സ്‌കോർ ഉയർത്തി. രവീന്ദ്ര ജഡേജയും (19) നന്ദ്രേ ബർഗറും (10) പുറത്താകാതെ നേടിയ 30 റൺ നിർണായകമായി. വൈഭവ്‌ സൂര്യവംശിയും (4), ശുഭം ദുബെയും (5) മങ്ങി.


പുതിയ പന്തിൽ ആർച്ചെർ ഒരിക്കൽകൂടി അത്ഭുതം കാട്ടിയപ്പോൾ മുംബൈ ബാറ്റിങ്നിര തകർന്നു. നാലാം പന്തിൽ രോഹിത്‌ ശർമ റണ്ണെടുക്കാതെ പുറത്തായി. റ്യാൻ റിക്കിൽടണും (12) നമൻ ധിറും (6) തിലക്‌ വർമയും (3) വേഗം മടങ്ങിയപ്പോൾ മുംബൈ 5.1 ഓവറിൽ 38/4 എന്ന സ്‌കോറിലേക്ക്‌ വീണു. സൂര്യകുമാർ വിൽ ജാക്‌സിനെയും (33) ഹാർദിക്‌ പാണ്ഡ്യയെയും (34) കൂട്ടുപിടിച്ച്‌ നടത്തിയ രക്ഷാപ്രവർത്തനം വിജയപ്രതീക്ഷ നൽകി. 15 പന്തിൽ മൂന്ന്‌ ഫോറും രണ്ട്‌ സിക്‌സറുമടിച്ച ഹാർദികിനെ വീഴ്‌ത്തി ആർച്ചെർ രാജസ്ഥാന്‌ മേൽക്കൈ നൽകി. 42 പന്തിൽ നാല്‌ സിക്‌സറും മൂന്ന്‌ ഫോറും ഉൾപ്പെടെ 60 റണ്ണെടുത്ത സൂര്യകുമാറിനെ ബർഗർ സ്വന്തം ബ‍ൗളിങ്ങിൽ പിടിച്ചു. അതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.

10 ടീമുകൾ പങ്കെടുത്ത ഐപിഎല്ലിൽ മുംബൈ ഒമ്പതാം സ്ഥാനത്താണ്‌. 14 കളിയിൽ 10 തോൽവിയും നാല്‌ ജയവും. മുംബൈക്കും അവസാനസ്ഥാനത്തുള്ള ലഖ്‌ന‍ൗവിനും എട്ട്‌ പോയിന്റാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home