ad
Deshabhimani

പഞ്ചാബിന്റെ 'മാസ്റ്റർ പ്ലാൻ' വെളിപ്പെടുത്തി ബ്രാഡ് ഹാഡിൻ; ശ്രേയസ് അയ്യർ എന്ന നായകനും പോണ്ടിങ്ങിന്റെ തന്ത്രങ്ങളും

ricky ponting
വെബ് ഡെസ്ക്

Published on Mar 31, 2026, 02:44 PM | 2 min read

ചണ്ഡീഗഡ്: കഴിഞ്ഞ ജൂണിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിരീടം കൈവിട്ടെങ്കിലും, പഞ്ചാബ് കിങ്സിനെ സംബന്ധിച്ചിടത്തോളം 2025 സീസൺ ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. 2014 ന് ശേഷം ആദ്യമായി ടീമിനെ പ്ലേ ഓഫിലും ഫൈനലിലും എത്തിച്ച ആത്മവിശ്വാസവുമായാണ് ഇത്തവണ അവർ ഇറങ്ങുന്നത്.


റിക്കി പോണ്ടിംഗിന്റെ പരിശീലനവും ശ്രേയസ് അയ്യരുടെ നായകപാടവുമാണ് പഞ്ചാബിന്റെ മുഖച്ഛായ മാറ്റിയതെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ വ്യക്തമാക്കി. ലേലത്തിൽ യുവ ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്തത് മുതൽ സീസണിലെ നിർണ്ണായക നിമിഷങ്ങൾ വരെ അദ്ദേഹം വിശദീകരിച്ചു.


യുവ ഇന്ത്യൻ പ്രതിഭകളിൽ അർപ്പിച്ച വിശ്വാസമാണ് പഞ്ചാബിന്റെ കരുത്തായതെന്ന് ഹാഡിൻ ചൂണ്ടിക്കാട്ടുന്നു. പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, നേഹൽ വധേര തുടങ്ങിയ യുവതാരങ്ങൾ റിക്കി പോണ്ടിങ്ങിന്റെ ശിക്ഷണത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


കഴിഞ്ഞ സീസണിൽ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് പഞ്ചാബിനായിരുന്നു. "യുവതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ ശാരീരികമായും മാനസികമായും വലിയ പുരോഗതി നേടിയിട്ടുണ്ട്. തങ്ങളുടെ കളിയിൽ അവർക്ക് ഇപ്പോൾ കൂടുതൽ വ്യക്തതയുണ്ട്," ഹാഡിൻ പറഞ്ഞു.


ശ്രേയസ് അയ്യരുടെ നേതൃപാടവത്തെ ഹാഡിൻ വാനോളം പുകഴ്ത്തി. "ആദ്യ ദിവസം മുതൽ അദ്ദേഹത്തിന്റെ നായകത്വം പ്രകടമായിരുന്നു. ലോകോത്തര ബാറ്റർ എന്നതിലുപരി, തന്ത്രങ്ങൾ മെനയുന്നതിൽ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് ശ്രേയസ്.


ഡൽഹി കൊൽക്കത്ത, പഞ്ചാബ് എന്നി മൂന്ന് വ്യത്യസ്ത ടീമുകളെ മൂന്ന് ഫൈനലുകളിലേക്ക് നയിച്ച അദ്ദേഹത്തിന്റെ റെക്കോർഡ് തന്നെ അതിന് തെളിവാണ്. ടീമിലെ ഓരോ കളിക്കാരനോടും അദ്ദേഹം കാണിക്കുന്ന കരുതൽ ശ്രദ്ധേയമാണ്. കളിക്കാർക്ക് സന്തോഷത്തോടെ പരിശീലനം നടത്താൻ സാധിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രേയസിനും റിക്കിക്കും സാധിച്ചു," അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ സീസണിലെ നാടകീയമായ നിമിഷങ്ങളെക്കുറിച്ചും ഹാഡിൻ മനസ്സ് തുറന്നു. ഹൈദരാബാദിനെതിരെ 245 റൺസ് വഴങ്ങി തോറ്റപ്പോഴും, മൂന്ന് ദിവസത്തിന് ശേഷം കെകെആറിനെതിരെ വെറും 111 റൺസ് പ്രതിരോധിച്ച് ജയിച്ചപ്പോഴും ടീമിന്റെ ആത്മവിശ്വാസം ഒട്ടും ചോർന്നിരുന്നില്ല.


ജോഷ് ഇംഗ്ലിസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ടൂർണമെന്റിലെ താരത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. പത്താം സീസണിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, കഴിഞ്ഞ വർഷത്തെ പാഠങ്ങൾ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് ഹാഡിന്റെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home