ജയത്തോടെ പഞ്ചാബ് ; ലഖ്നൗവിനെ 37 റണ്ണിന് തോൽപ്പിച്ചു

ധർമശാല
ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ് കിങ്സ് 37 റണ്ണിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു. 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങാണ് വിജയശിൽപ്പി. ഏഴ് സിക്‌സറും ആറ് ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്.
സ്‌കോർ: പഞ്ചാബ് 236/5, ലഖ്‌നൗ 199/7.
ആയുഷ് ബദൊനി മാത്രമാണ് ലഖ്‌നൗ നിരയിൽ പൊരുതിയത്. 40 പന്തിൽ 74 റണ്ണെടുത്തു. അഞ്ച് വീതം ഫോറും സിക്‌സറുമടിച്ചു. അബ്‌ദുൽ സമദ് 45 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ ഋഷഭ് പന്തിന് (18) ഇത്തവണയും മികച്ച സ്‌കോർ സാധ്യമായില്ല. പഞ്ചാബിനായി അർഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് അവസാന അഞ്ച് ഓവറിൽ നേടിയ 75 റണ്ണാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 15 പന്തിൽ 33 റണ്ണുമായി ശശാങ്ക് സിങ്ങും അഞ്ച് പന്തിൽ 15 റണ്ണോടെ മാർകസ് സ്‌റ്റോയിനിസും പുറത്താവാതെനിന്നു.
ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ 25 പന്തിൽ 45 റണ്ണുമായി മടങ്ങുമ്പോൾ രണ്ട് സിക്‌സറും നാല് ഫോറും അടിച്ചിരുന്നു. ശ്രേയസും പ്രഭ്‌സിമ്രാനും ചേർന്ന് 78 റണ്ണിന്റെ അടിത്തറയിട്ടു. അതിനിടെ ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റണ്ണടിച്ചു. ജയത്തോടെ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി.









0 comments