തുടർച്ചയായ രണ്ടാം ജയം , അർഷ്‌ദീപിന് മൂന്ന് വിക്കറ്റ്
വമ്പോടെ പഞ്ചാബ് ; ലഖ്‌നൗവിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു

image credits punjab kings facebook
ലഖ്നൗ : ഐപിഎൽ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംജയംകുറിച്ച് പഞ്ചാബ് കിങ്‌സ്. ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത പഞ്ചാബ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് കുതിച്ചു. രണ്ടാം തോൽവി വഴങ്ങിയ ലഖ്‌നൗ നാലാമതാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗവിനെ പഞ്ചാബ് ബൗളർമാർ ഏഴിന് 171ൽ ഒതുക്കി. മറുപടിയിൽ പ്രഭ്‌സിമ്രാൻ സിങ്ങിന്റെ വെടിക്കെട്ടിലൂടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. 16 പന്ത് ശേഷിക്കെ ജയം കുറിച്ചു.
സ്‌കോർ : ലഖ്നൗ 171/7 പഞ്ചാബ് 177/2 (16.2)
പ്രഭ്‌സിമ്രാൻ 34 പന്തിൽ 69 റണ്ണാണ് നേടിയത്. മൂന്ന് സിക്‌സറും ഒമ്പത് ഫോറും. ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും (30 പന്തിൽ 52) നേഹൽ വധേരയും (25 പന്തിൽ 43) ചേർന്ന് ജയം പൂർത്തിയാക്കി. ശ്രേയസ് നാല് സിക്‌സറും മൂന്ന് ഫോറുമാണ് നേടിയത്. വധേരയുടെ ഇന്നിങ്‌സിൽ നാല് സിക്‌സറും രണ്ട് ഫോറും ഉൾപ്പെട്ടു.
മൂന്ന് വിക്കറ്റെടുത്ത അർഷ്‌ദീപ് സിങ് ആണ് ലഖ്‌നൗവിനെ കൂറ്റൻ സ്‌കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. തുടക്കം തകർന്ന ലഖ്‌നൗവിനെ നിക്കോളാസ് പുരാനും (30 പന്തിൽ 44) ആയുഷ് ബദോനിയും (33 പന്തിൽ 41) ടീമിനെ കരകയറ്റി. രണ്ട് സിക്‌സറും അഞ്ച് ഫോറുമായിരുന്നു പുരാന്റെ ഇന്നിങ്‌സിൽ. അവസാന ഓവറുകളിൽ അബ്ദുൾ സമദ് റണ്ണുയർത്തി. അർഷ്‌ദീപ് എറിഞ്ഞ പതിനെട്ടാം ഓവറിൽ 20 റൺ അടിച്ചുകൂട്ടി. 12 പന്തിൽ 27 റണ്ണെടുത്ത സമദിന്റെ ഇന്നിങ്‌സിൽ രണ്ടുവീതം സിക്‌സറും ഫോറും ഉൾപ്പെട്ടു.
അവസാന രണ്ട് ഓവറിൽ ലഖ്‌നൗവിന് പ്രതീക്ഷിച്ച റണ്ണടിക്കാനായില്ല. അവസാന ഓവറിൽ അർഷ്‌ദീപ് ബദോനിയെയും സമദിനെയും മടക്കി. മൂന്ന് സിക്‌സറും ഒരു ഫോറുമായിരുന്നു ബദോനിയുടെ ഇന്നിങ്‌സിൽ. മിച്ചെൽ മാർഷും (1 പന്തിൽ 0) പന്തും (5 പന്തിൽ 2) നിരാശപ്പെടുത്തി.










0 comments