ചെന്നെെയുടെ തുടർച്ചയായ നാലാം തോൽവി , പ്രിയാൻഷിന് സെഞ്ചുറി (42 പന്തിൽ 103)
പ്രിയം പ്രിയാൻഷ് ; പഞ്ചാബ് 18 റണ്ണിന് ചെന്നെെയെ തോൽപ്പിച്ചു

ചെന്നെെ സൂപ്പർ കിങ്സിനെതിരെ സെഞ്ചുറി പൂർത്തിയാക്കിയ പഞ്ചാബ് കിങ്സിന്റെ പ്രിയാൻഷ് ആര്യയുടെ ആഹ്ലാദം
മുല്ലൻപുർ (പഞ്ചാബ്) : ഒമ്പത് സിക്‌സറും ഏഴ് ഫോറും നിറംപകർന്ന സെഞ്ചുറിയുമായി ഇരുപത്തിനാലുകാരൻ പ്രിയാൻഷ് ആര്യ (42 പന്തിൽ 103) ഐപിഎൽ ക്രിക്കറ്റിൽ മിന്നിത്തിളങ്ങി. പ്രിയാൻഷിന്റെ മികവിൽ പഞ്ചാബ് കിങ്സ് 18 റണ്ണിന് ചെന്നെെ സൂപ്പർ കിങ്സിനെ തകർത്തു. പഞ്ചാബ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 219 റണ്ണാണ് നേടിയത്. ചെന്നെെയുടെ മറുപടി 201/5ന് അവസാനിച്ചു.
എട്ടാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 83 റണ്ണുമായി പ്രതിസന്ധിയിലായ പഞ്ചാബിനെ പ്രിയാൻഷ്–-ശശാങ്ക് സിങ് സഖ്യമാണ് ഉയർത്തിയത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 71 റൺ സമ്മാനിച്ചു. 36 പന്തിൽ 52 റണ്ണുമായി മാർകോ ജാൻസെൻ (19 പന്തിൽ 34) ശശാങ്കിന് കൂട്ടായി. ഈ സഖ്യം പുറത്താവാതെ 65 റണ്ണെടുത്തു.
ഈ സീസണിൽ അരങ്ങേറിയ ഡൽഹിക്കാരനായ പ്രിയാൻഷ് ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ സിക്‌സറടിച്ചാണ് തുടങ്ങിയത്. രണ്ടാം പന്തിൽ റിട്ടേൺ ക്യാച്ചിനുള്ള അവസരം ഖലീൽ നഷ്‌ടപ്പെടുത്തി. അതിന് ചെന്നൈ വലിയ വിലകൊടുക്കേണ്ടിവന്നു. മറുപടിയായി വീണ്ടും സിക്‌സർ. 17 റണ്ണാണ് ആദ്യ ഓവറിലെ സമ്പാദ്യം. മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിൽ സഹ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് റണ്ണെടുക്കാതെ പുറത്തായി. ഖലീൽ അഹമ്മദിന്റെ അടുത്ത ഓവറിൽ ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ സിക്‌സറടിച്ച് തുടങ്ങിയെങ്കിലും വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഏഴ് പന്തിൽ ഒമ്പത് റണ്ണാണ് സമ്പാദ്യം. ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോഴും പ്രിയാൻഷ് ആത്മവിശ്വാസത്തോടെ പന്തടിച്ചു. മാർകസ് സ്‌റ്റോയിനിസും (4) നേഹൽ വധേരയും (9) ഗ്ലെൻ മാക്‌സവെലും (1) വൈകാതെ മടങ്ങി. സ്‌പിന്നർ ആർ അശ്വിനെ സിക്‌സർ പറത്തി പ്രിയാൻഷ് കന്നി അർധ സെഞ്ചുറി നേടി. 19 പന്തിലാണ് ഇടംകൈയൻ ബാറ്ററുടെ നേട്ടം.
പത്ത് ഓവറിൽ 94/5 എന്ന സ്‌കോറുമായി പതുങ്ങിയ പഞ്ചാബിന് പ്രിയാൻഷ് ജീവൻപകർന്നു. സ്‌കോർ 74ൽ നിൽക്കെ അശ്വിൻ എറിഞ്ഞ പന്തിൽ മുകേഷ് പിടികൂടിയതാണ്. എന്നാൽ, മുകേഷിന്റെ കാൽ അതിർത്തിവരയ്‌ക്ക് അപ്പുറത്തായി. പിന്നീട് കണ്ടത് അസാമാന്യ ധൈര്യത്തോടെ പന്ത് ഗ്യാലറിയിലെത്തിക്കുന്ന പവർ ഹിറ്ററെയാണ്. ഏഴ് പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറും അടിച്ചായിരുന്നു പ്രഥമ സെഞ്ചുറി. മതീഷ പതിരണയുടെ ഓവറിൽ 23 റണ്ണടിച്ചാണ് സെഞ്ചുറി ആഘോഷം. 39 പന്തിലെ സെഞ്ചുറി ഐപിഎല്ലിലെ വേഗമേറിയ അഞ്ചാമത്തെയാണ്. വെസ്‌റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ൽ 30 പന്തിൽ 100 തികച്ചിട്ടുണ്ട്. ഇന്ത്യൻ താരമായ യുസഫ് പഠാൻ 37 പന്തിലും.
മറുപടിക്കെത്തിയ ചെന്നെെക്കായി ഡെവൺ കോൺവെ (49 പന്തിൽ 63), ശിവം ദുബെ (27 പന്തിൽ 42) എന്നിവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറിൽ ജയിക്കാൻ 28 റണ്ണായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ മഹേന്ദ്ര സിങ് ധോണി (12 പന്തിൽ 27) പുറത്തായതോടെ ചെന്നെെയുടെ പോരാട്ടം അവസാനിച്ചു. ചെന്നെെയുടെ തുടർച്ചയായ നാലാം തോൽവിയാണ്.









0 comments