ad
Deshabhimani

സിഎസ്‌കെ ബൗളർമാരെ തല്ലിച്ചതച്ച് ജോഷ് ഇംഗ്ലിസ്;ചെന്നൈക്ക് 204 റൺസ് വിജയലക്ഷ്യം

JOSH INLINGS

Photo Credit: AP

വെബ് ഡെസ്ക്

Published on May 10, 2026, 05:42 PM | 1 min read

ലഖ്‌നൗ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിങ്ങുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് പടുത്തുയർത്തി. ഓപ്പണർ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ലഖ്‌നൗവിന് കരുത്തായത്.


ആദ്യ ഓവർ മുതൽ ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച ജോഷ് ഇംഗ്ലിസ് വെറും 17 പന്തിൽ നിന്നാണ് തന്റെ അർധസെഞ്ചുറി തികച്ചത്. 33 പന്തിൽ 85 റൺസെടുത്ത ഇംഗ്ലിസിന്റെ ഇന്നിങ്‌സിൽ 10 ഫോറുകളും 6 സിക്സറുകളും ഉൾപ്പെടുന്നു. സഹഓപ്പണർ മിച്ചൽ മാർഷ് (10) നേരത്തെ പുറത്തായെങ്കിലും ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 91 റൺസെന്ന ശക്തമായ നിലയിലായിരുന്നു ലഖ്‌നൗ.


ഇംഗ്ലിസ് പുറത്തായതിന് പിന്നാലെ മധ്യനിരയിൽ ലഖ്‌നൗ അല്പം പതറി. നിക്കോളാസ് പൂരൻ (13), ക്യാപ്റ്റൻ ഋഷഭ് പന്ത് (15), എയ്ഡൻ മാർക്രം (6) എന്നിവർ വേഗത്തിൽ മടങ്ങിയത് സ്കോറിംഗിന്റെ വേഗത കുറച്ചു. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ഷഹബാസ് അഹമ്മദ് ടീമിനെ 200 കടത്തുകയായിരുന്നു. 25 പന്തിൽ പുറത്താകാതെ 43 റൺസെടുത്ത ഷഹബാസിന്റെ പ്രകടനം ടീമിന് നിർണ്ണായകമായി. ഹിമ്മത് സിംഗ് 17 റൺസ് സംഭാവന ചെയ്തു.


ചെന്നൈക്കായി പന്തെറിഞ്ഞവരിൽ ജാമി ഓവർട്ടൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. അൻഷുൽ കംബോജ് രണ്ട് വിക്കറ്റും നൂർ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി. നൂർ അഹമ്മദ് നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങുന്ന ചെന്നൈക്ക് വിജയിക്കാൻ 204 റൺസ് വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home