print edition പിഎം ശ്രീയെ എതിർക്കില്ല: ലീഗ് ഇഡി പേടിയിലോ


സി കെ ദിനേശ്
Published on Sep 05, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്രപദ്ധതിയായ പിഎം ശ്രീ നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് മുസ്ലിംലീഗിന്റെ പച്ചക്കൊടി. ചന്ദ്രിക പത്രത്തിലെ കള്ളപ്പണക്കേസും ചില പ്രമുഖ നേതാക്കളുടെ വലിയ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി ഭീഷണിയും വി ഡി സതീശനിട്ട കുരുക്കുമാണ് ലീഗിന്റെ വായടപ്പിക്കുന്നത്. വി ഡി സതീശൻ ഡൽഹി യാത്രയിൽ തനിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടപ്പോൾ പിഎം ശ്രീ നടപ്പാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിനുശേഷമാണ് ലീഗിന്റെ പിന്തുണ ഉറപ്പിച്ചതും.
പദ്ധതി നടപ്പാക്കിയേതീരുവെന്ന പ്രതീതി മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയുമാണ് മുഖ്യമന്ത്രി. ഭിന്നതയുണ്ടെന്ന് വരുത്തുകയും ഒപ്പം കേന്ദ്രസമ്മർദമെന്ന പ്രചാരണവും പദ്ധതി നടപ്പാക്കാനുള്ള കുറുക്കുവഴിയാണ്. സർക്കാർ നിയോഗിച്ച ഉപസമിതി ചേർന്നപ്പോൾ മന്ത്രിമാരായ എൻ ഷംസുദ്ദീനോ റോജി എം ജോണോ വിഷ്‌ണുനാഥോ പദ്ധതിയെ എതിർത്തില്ല. സതീശന്റെ വക്താക്കളായി നിൽക്കുകയായിരുന്നു ഇവർ.
കോൺഗ്രസ് രാഷ്‌ട്രീയകാര്യസമിതിയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി വിയോജിപ്പറിയിച്ചിട്ടും സതീശൻ വഴങ്ങിയില്ല. എഐസിസി എതിർത്ത, കോൺഗ്രസിന്റെ ദേശീയ നയത്തിനെതിരായ പദ്ധതി നടപ്പാക്കാൻ വാശിയെന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. രണ്ടായിരത്തോളം കോടിരൂപ സംസ്ഥാനത്തിന് നഷ്‌ടമാകുമെന്നും പല പദ്ധതികളും കേന്ദ്രം വെട്ടിക്കുറയ്‌ക്കുമെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി.
2027 ആദ്യം അവസാനിക്കുന്ന പദ്ധതിയുടെ ഭാഗമായി കാര്യമായ തുക സംസ്ഥാനത്തിന് ലഭിക്കില്ലെന്നതാണ് വസ്‌തുത. പിന്മാറിയാലും മറ്റു കുഴപ്പങ്ങളുണ്ടാകില്ലെന്ന് പാർലമെന്റിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എൽഡിഎഫിനെതിരെ നടത്തിയ വ്യാജപ്രചാരണമാണിപ്പോൾ യുഡിഎഫിന് തിരിച്ചടിയാകുന്നത്. പദ്ധതിയുടെപേരിൽ സംഘപരിവാർ സിലബസോ പരിപാടികളോ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ സംശയരഹിതമായി പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും പാവങ്ങൾക്കുള്ള ഭവന പദ്ധതിയിലുമടക്കം ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന യുഡിഎഫ്, സർക്കാർ സ്‌കൂളുകളിൽ സംഘപരിവാർ സിലബസ് നടപ്പാക്കണമെന്ന നിർദേശത്തിനും കീഴടങ്ങുകയാണ്.










0 comments