print edition ലോഡ്‌ഷെഡിങ് എപ്പോൾ? എത്രനേരം?


സ്വന്തം ലേഖകൻ
Published on Sep 05, 2026, 01:30 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ സംസ്ഥാനം വീണ്ടും ഇരുട്ടിലായതോടെ വൈദ്യുതിമുടക്കം എപ്പോഴെന്നറിയാതെ ജനം വലയുന്നു. ലോഡ് ഷെഡിങ് ഏത് സമയത്ത്, എത്ര നേരം എന്ന് ആർക്കും വ്യക്തമല്ല. നിയന്ത്രണത്തിന് ഒരു മണിക്കൂർ മുന്പെങ്കിലും ഉപയോക്താക്കൾക്ക് അറിയിപ്പുനൽകണമെന്ന റെഗുലേറ്ററി കമീഷൻ നിർദേശവും നടപ്പാക്കുന്നില്ല.
പുറത്തുനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞാൽ രാത്രി ആറിനും 12നുമിടയിൽ നിയന്ത്രണമുണ്ടാകുമെന്ന് മാത്രമാണ് കെഎസ്‌ഇബി അറിയിപ്പ്. പകലടക്കം വ്യാപകമായി വൈദ്യുതി മുടങ്ങുന്നു. അർധരാത്രി മുക്കാൽമണിക്കൂറോളം മുന്നറിയിപ്പില്ലാതെ നിയന്ത്രണമുണ്ടാകുന്നു. ഓക്‌സിജൻ കോൺസൺട്രേറ്റർ പ്രവർത്തനം നിലച്ച് ജൂലൈയിൽ പാലക്കാട്ട് രോഗി മരിച്ച സംഭവത്തിനുശേഷവും ഇതിന് പരിഹാരമില്ല.
വൈദ്യുതിലഭ്യത ഉറപ്പാക്കാൻ കാര്യമായ പുതിയ കരാറുകളും സർക്കാർ കണ്ടെത്തിയില്ല. പീക്ക് സമയത്ത് 9.40 രൂപ മുതൽ 12.5 രൂപ വരെ അമിതവില നൽകി വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ റെഗുലേറ്ററി കമീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. സെപ്തംബർ മുതൽ 2027 മെയ്‌വരെ വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് കമീഷൻ അനുമതിയും നിഷേധിച്ചു.
കെഎസ്‌ഇബിയുടെ ആസൂത്രണപ്പിഴവാണ് വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമൊരുക്കിയതെന്നും വിമർശിച്ചു. അമിതവിലയുടെ ബാധ്യത ഉപയോക്താക്കളുടെ ചുമലിലാകും വീഴുക.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 10 വർഷം വെൈദ്യുതി മുടക്കമേയില്ലായിരുന്നു. ഇപ്പോൾ ലോഡ്ഷെഡിങ്ങും, അമിതവിലയ്‌ക്ക് വൈദ്യുതിവാങ്ങുന്നതിന്റെ ഇരട്ടപ്രഹരവും ജനങ്ങളുടെ മേൽ യുഡിഎഫ് അടിച്ചേൽപ്പിക്കുകയാണ്. കെപിസിസി പ്രസിഡന്റെന്ന നിലയിൽ സജീവമാകാൻ ശ്രമിക്കുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വീഴ്‌ച പരിഹരിക്കാൻ ഒന്നും ചെയ്യുന്നുമില്ല.










0 comments