print edition കൂട്ടായ്‌മയിലെ ‘പാൽവെണ്മ’

പി പ്രദീപ്
Published on Sep 05, 2026, 01:30 AM | 2 min read
വീട്ടിൽ തൊഴുത്ത് കെട്ടേണ്ട, പശുവിന് തീറ്റ കൊടുക്കേണ്ട, പാൽ കറക്കേണ്ട, ചാണകം വാരേണ്ട. എന്നാലും ക്ഷീരകർഷകനാകാം. അതും ഓരോ മാസവും അക്കൗണ്ടിലെത്തുന്ന വരുമാനത്തോടെ. ചിറയിൻകീഴ് മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം (മിൽകോ) മുന്നോട്ടുവയ്ക്കുന്ന, പാലാഴി കമ്യൂണിറ്റി ഡെയറി ഫാം ആണ് നൂതന ആശയം.
പണം നിക്ഷേപിച്ച് പശുവിന്റെ ഉടമയാകാം. പരിപാലനവും പാൽ ഉൽപ്പാദനവുമെല്ലാം ഫാം ഏറ്റെടുക്കും. ലാഭവിഹിതം മാസംതോറും അക്കൗണ്ടിലെത്തും. പശു ചത്തുപോയാൽ നിക്ഷേപം നഷ്ടപ്പെടുകയുമില്ല, മുടക്കുമുതലിന് തത്തുല്യമായ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
ഓരോ അംഗത്തിനും ഒരു പശു
കമ്യൂണിറ്റി ഡെയറി ഫാമിൽ അംഗമാകാൻ ഒരു ലക്ഷം രൂപ നിക്ഷേപിക്കാം. ഇതിൽ 70 ശതമാനം പശുവിനെ വാങ്ങാനും 30 ശതമാനം ഫാമിലെ ഭൗതികസൗകര്യങ്ങൾ ഒരുക്കാനുമാണ്. ഓരോ അംഗത്തിന്റെയും പേരിൽ ഒരു പശുവിനെ രജിസ്റ്റർ ചെയ്യും. 20 കർഷകർ ഇങ്ങനെ പശുക്കളെ വളർത്തുന്നുണ്ട്. ചിലർ കേരള ബാങ്കിൽനിന്ന് വായ്പയെടുത്താണ് നിക്ഷേപിച്ചത്.
വായ്പയെടുത്തവരുടെ ലാഭവിഹിതം വായ്പ തിരിച്ചടവിനും മറ്റുള്ളവരുടേത് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കുമാണ് നൽകുന്നത്. ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഫാമിൽനിന്ന് ഓരോ കർഷകനും മാസം 1500 രൂപ വീതം ലാഭവിഹിതം ലഭിക്കുന്നുണ്ട്.
മൂന്നര ഏക്കറിൽ സമഗ്ര ഫാം
നൂറോളം പശുക്കളെ വളർത്താനുള്ള സൗകര്യങ്ങളോടെ മൂന്നര ഏക്കറിലാണ് ഫാം പ്രവർത്തിക്കുന്നത്. തൊഴുത്തിനൊപ്പം വളം നിർമാണത്തിനുള്ള സംവിധാനങ്ങളും തീറ്റപ്പുൽ കൃഷിയുമുണ്ട്. വീട്ടുമുറ്റത്ത് ഒരു പശുവിനെ വളർത്തുന്നതിനു പകരം നിരവധിപേർ ചേർന്ന് പശുവളർത്തൽ ഏറ്റെടുക്കുന്ന ഓഹരി അടിസ്ഥാനത്തിലുള്ള കൂട്ടുകൃഷി എന്നതാണ് ഇവിടത്തെ ആശയം.
മിൽകോയുടെ സാങ്കേതിക ഉപദേശകനായ ഡോ. പി കമലാസനൻ പിള്ളയുടേതാണ് കമ്യൂണിറ്റി ഡെയറി എന്ന ആശയം.
വിൽപ്പന മിൽകോ വഴി
പതിറ്റാണ്ടുകളായി കർഷകരിൽനിന്ന് പാൽ ശേഖരിച്ച് വിപണിയിലെത്തിക്കുന്ന മിൽകോ തന്നെയാണ് പാലാഴി ഫാമിലെ പാലും വിൽക്കുന്നത്. ലിറ്ററിന് 55 രൂപ നിരക്കിൽ സംഭരിച്ച് 60 രൂപയ്ക്കാണ് വിൽപ്പന. തലസ്ഥാന നഗരമുൾപ്പെടെ വിവിധയിടങ്ങളിൽ വിപണനകേന്ദ്രങ്ങളുണ്ട്. പരമ്പരാഗത സ്റ്റാളുകൾക്ക് പുറമെ എടിഎം വഴിയും പാൽ വിൽപ്പനയുണ്ട്.
ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ജൈവവളവും ഉൽപ്പാദിപ്പിക്കുന്നുണ്ട്. മിൽകോയുടെ വിപണന ശൃംഖലയിലൂടെയാണ് ഇവയും വിപണി പിടിക്കുന്നത്.
പശുവിനൊപ്പം മുട്ടക്കോഴികളും
നാനൂറോളം ബിവി 380 ഇനം മുട്ടക്കോഴികൾ ഫാമിനോടനുബന്ധിച്ച് ഉണ്ട്. വർഷത്തിൽ മുന്നൂറി-ലേറെ മുട്ടയിടാൻ ശേഷിയുള്ള ഇനമാണിത്. അസോള ഉൾപ്പെടെ ജൈവതീറ്റകൾ ഉപയോഗിച്ചാണ് പശുക്കളെയും കോഴികളെയും വളർത്തുന്നത്. അസോള ഫാമിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മുട്ടകളും മിൽകോവഴിയാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്.
കർഷകന് തൊഴിലവസരവും
പശുവിന്റെ ഉടമസ്ഥാവകാശം മാത്രമല്ല, നേരിട്ട് തൊഴിൽ ചെയ്യാനുള്ള അവസരവും കർഷകർക്ക് നൽകുന്നം. ജോലി ചെയ്യുന്നവർക്ക് ലാഭവിഹിതത്തിന് പുറമെ കൂലിയും ലഭിക്കും. ദൈനംദിന ജോലികൾക്കായി അതിഥിത്തൊഴിലാളികളുമുണ്ട്.
മിൽകോ ഭരണസമിതി അംഗം എസ് ബൈജു ഡെയറി ഫാം സെക്രട്ടറിയും പഞ്ചമം സുരേഷ് പ്രസിഡന്റുമാണ്.










0 comments