ad
Deshabhimani

ഐപിഎൽ ഫൈനൽ കാണാൻ പിസിബി മേധാവി മൊഹ്സിൻ നഖ്‌വി ഇന്ത്യയിലേക്ക്? ഐസിസി യോഗത്തിലും പങ്കെടുത്തേക്കും

pcb chairman

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 16, 2026, 02:24 PM | 1 min read

ന്യൂഡൽഹി: കടുത്ത ഭിന്നതകൾ നിലനിൽക്കുന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധത്തിൽ പുതിയ വഴിത്തിരിവാകാൻ സാധ്യത. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്.


അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ 2026 ഫൈനൽ കാണാനും അതോടൊപ്പം ഐസിസി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനുമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പാക് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.


കഴിഞ്ഞ കുറച്ചുകാലമായി ബിസിസിഐയും പിസിബിയും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ ഏഷ്യാ കപ്പ് ട്രോഫി വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‌വി നടത്തിയ ഇന്ത്യവിരുദ്ധ പ്രസ്താവനകളും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരുന്നു.


അന്ന് നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഇതിന് പകരമായി 2026 ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരം ബഹിഷ്കരിക്കാൻ പിസിബി ശ്രമിച്ചെങ്കിലും ഒടുവിൽ ഐസിസിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരികയായിരുന്നു.


ഈ പശ്ചാത്തലത്തിൽ ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിലുള്ള മഞ്ഞുരുക്കാൻ ലക്ഷ്യമിട്ടാണ് ഐസിസിയുടെ പുതിയ നീക്കം. മെയ് 30, 31 തീയതികളിൽ അഹമ്മദാബാദിൽ വെച്ചാണ് ഐസിസിയുടെ നിർണായകമായ ബോർഡ് മീറ്റിങ് നടക്കുന്നത്. മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ നേരിട്ട് പങ്കെടുക്കാനും നഖ്‌വിക്ക് ഐസിസി ക്ഷണം നൽകിയിട്ടുണ്ട്.


എങ്കിലും, സന്ദർശനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 'ഓപ്പറേഷൻ സിന്ദൂർ' ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം കൂടുതൽ സെൻസിറ്റീവ് ആയതിനാൽ, നഖ്‌വിയുടെ ഇന്ത്യ സന്ദർശനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.


ഇതിനായുള്ള അനുമതി തേടി അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരിക്കുകയാണ്. മേയ് 21-ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി യോഗം ഓൺലൈനായി നടക്കും. അതിനുശേഷമാണ് നേരിട്ടുള്ള ബോർഡ് യോഗം അഹമ്മദാബാദിൽ നടക്കുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home