ad
Deshabhimani

ചെപ്പോക്കിലെ വിജയത്തിന് കയ്പേറിയ മധുരം; കുറഞ്ഞ ഓവർ നിരക്കിന് പഞ്ചാബ് കിങ്സിന് കനത്ത പിഴ

pbks fine
വെബ് ഡെസ്ക്

Published on Apr 04, 2026, 10:03 AM | 1 min read

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് ക്യാമ്പിന് ബിസിസിഐയുടെ പ്രഹരം. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും അച്ചടക്ക സമിതി കനത്ത പിഴ ചുമത്തി. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെത്തുടർന്നാണ് നടപടി.


സീസണിൽ തുടർച്ചയായ രണ്ടാം തവണയും കുറ്റം ആവർത്തിച്ചതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും ഇതേ കുറ്റത്തിന് ശ്രേയസിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. രണ്ടാം തവണയും വീഴ്ച വരുത്തിയതോടെ നായകന് പിഴത്തുക ഇരട്ടിയായതിന് പുറമെ, ടീമിലെ മറ്റ് 11 അംഗങ്ങൾക്കും (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ) ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകേണ്ടി വരും.


ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച്, മൂന്നാം തവണയും ഓവർ നിരക്കിൽ വീഴ്ച വരുത്തിയാൽ നായകന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും നേരിടേണ്ടി വരും. ചെന്നൈ ഇന്നിംഗ്‌സിൽ നിശ്ചിത സമയത്തിനുള്ളിൽ രണ്ട് ഓവർ കുറച്ചാണ് പഞ്ചാബ് എറിഞ്ഞു തീർത്തത്. ഇതേത്തുടർന്ന് അവസാന രണ്ട് ഓവറിൽ ബൗണ്ടറി ലൈനിൽ നാല് ഫീൽഡർമാരെ മാത്രമാണ് പഞ്ചാബിന് നിയോഗിക്കാനായത്. എന്നാൽ ഈ ആനുകൂല്യം മുതലെടുക്കാൻ ചെന്നൈ ബാറ്റിങ്ങ് നിരയ്ക്ക് സാധിച്ചില്ല.


ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. തുടർച്ചയായ രണ്ടാം വിജയം ആഘോഷിക്കുമ്പോഴും അടുത്ത മത്സരത്തിൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ക്യാപ്റ്റൻ ശ്രേയസിന് വിലക്ക് നേരിടേണ്ടി വരുമെന്നത് പഞ്ചാബ് ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home