കുറഞ്ഞ ഓവർ നിരക്ക് പാകിസ്ഥാന് കനത്ത തിരിച്ചടിയായി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ എട്ട് പോയിന്റുകൾ ഐസിസി വെട്ടിക്കുറച്ചു

Photo Credit: Getty Images
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ തോൽവിക്ക് പിന്നാലെ പാകിസ്ഥാന് ഐസിസിയുടെ കനത്ത പ്രഹരം. ധാക്കയിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയ പരിധിയേക്കാൾ എട്ട് ഓവറുകൾ കുറച്ചുമാത്രം എറിഞ്ഞതിനെ തുടർന്ന് പാകിസ്ഥാന് എട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ നഷ്ടമായി.
മത്സരത്തിൽ ബംഗ്ലാദേശിനോട് 104 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്, പോയിന്റ് കൂടി നഷ്ടമായതോടെ കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
പോയിന്റുകൾ വെട്ടിക്കുറച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ കേവലം നാല് പോയിന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം.
ഒൻപതാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനും നാല് പോയിന്റാണുള്ളതെങ്കിലും പോയിന്റ് ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ എട്ടാം സ്ഥാനത്ത് തുടരുന്നത്.
പാകിസ്ഥാന്റെ പതനത്തോടെ ഇംഗ്ലണ്ട് പട്ടികയിൽ താൽക്കാലികമായി മുന്നിലെത്തിയെങ്കിലും, ധാക്കയിലെ ചരിത്ര വിജയം ബംഗ്ലാദേശിനെ, ഇംഗ്ലണ്ടിനെ മറികടന്ന് ആറാം സ്ഥാനത്ത് എത്തിച്ചു.
കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം മാച്ച് റഫറി ജെഫ് ക്രോയാണ് പാകിസ്ഥാന് ഈ ശിക്ഷ ചുമത്തിയത്.
ഐസിസി നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ എറിയാൻ സാധിക്കാത്ത ഓരോ ഓവറിനും കളിക്കാർ തങ്ങളുടെ മാച്ച് ഫീയുടെ 5 ശതമാനം വീതം പിഴയൊടുക്കണം. ഇതിനൊപ്പം ഓരോ ഓവറിനും ഒരു ഡബ്ല്യുടിസി പോയിന്റ് വീതം ടീമിന് നഷ്ടമാവുകയും ചെയ്യും.
നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ പോയിന്റ് നഷ്ടമാകുന്ന രണ്ടാമത്തെ ടീമാണ് പാകിസ്ഥാൻ. കഴിഞ്ഞ വർഷം ജൂലൈയിൽ ലോർഡ്സിൽ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടിന് രണ്ട് പോയിന്റുകൾ നഷ്ടമായിരുന്നു. അന്ന് ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനം 66.67-ൽ നിന്ന് 61.11 ആയി താഴ്ന്നതോടെ അവർ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് 87.50 പോയിന്റ് ശതമാനവുമായി ഒന്നാമത് നിൽക്കുന്നത്. കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും കംഗാരുക്കൾ വിജയം കണ്ടു.
77.78 ശതമാനവുമായി ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും, 75.00 ശതമാനവുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമുണ്ട്. ശ്രീലങ്ക (66.67) നാലാം സ്ഥാനത്തും ഇന്ത്യ (48.15) അഞ്ചാം സ്ഥാനത്തുമാണ് തുടരുന്നത്.










0 comments