വിജയപ്പന്ത്

ഓവൽ: അതിവേഗമോ പേടിപ്പെടുത്തുന്ന ആകാരമോ ഇല്ല. ആൾക്കൂട്ടത്തിന്റെ കൈയടികളില്ല. പരാതികളും പരിഭവങ്ങളും അവകാശ വാദങ്ങളുമില്ല. ഹൈദരാബാദുകാരനായ പേസ് ബൗളർ മുഹമ്മദ് സിറാജിന് ഇന്ത്യൻ ക്രിക്കറ്റിൽ അർഹിച്ച അംഗീകാരം കിട്ടുന്നില്ലെന്ന് പറഞ്ഞത് ബൗളിങ് പരിശീലകൻ മോണി മോർക്കലാണ്. ക്യാപ്റ്റൻ ആവശ്യപ്പെടുന്ന ഏത് സമയത്തും എത്ര സ്പെല്ലും എറിയാൻ മടിയില്ലാത്ത ബൗളർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 1113 പന്തുകളാണ് മുപ്പത്തൊന്നുകാരൻ എറിഞ്ഞത്. അഞ്ച് കളിയിൽ 23 വിക്കറ്റ്. പരമ്പരയിലെ മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന ബഹുമതിയും സ്വന്തം.
ഓവലിൽ പലപ്പോഴും ഹൃദയംകൊണ്ട് പന്തെറിയുന്നപോലെ തോന്നി. ഓരോ പന്തും എതിരാളിയുടെ വിക്കറ്റ് തകർക്കാൻ ശൗര്യമുള്ളതായിരുന്നു. കളിയുടെ കയറ്റിറക്കങ്ങൾ ആ മുഖത്തുനോക്കിയാലറിയാം. നിരാശപ്പെടുകയും സന്തോഷിക്കുകയും ചെയ്ത നിമിഷങ്ങൾ. തോറ്റിരുന്നെങ്കിൽ ക്രൂശിക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കപ്പെടുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങുന്നതിനെ തടയാനായി. നാല് വിക്കറ്റുമായി ഇന്ത്യയുടെ തിരിച്ചുവരവിന് വഴിമരുന്നിട്ടു. അപകടകാരികളായ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും വിക്കറ്റുകൾ അതിൽ ഉൾപ്പെടും.
അടിച്ചെടുക്കുകയെന്ന ഏക മന്ത്രവുമായി എത്തിയ ഇംഗ്ലണ്ടിനുമുന്നിൽ 374 റണ്ണായിരുന്നു ലക്ഷ്യം. രണ്ട് ദിനം ബാക്കി. മൂന്നാംദിനം അവസാന പന്തിൽ സാക് ക്രോളിയെ ബൗൾഡാക്കിയായിരുന്നു സിറാജിന്റെ അടുത്ത തുടക്കം. നാലാംദിനം ക്യാപ്റ്റൻ ഒല്ലീ പോപ്പിനെ മടക്കി. കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കുവരികയായിരുന്നു. അതിനിടെയാണ് അബദ്ധം പിണഞ്ഞത്. മുപ്പത്തഞ്ചാമത്തെ ഓവറിലെ ആദ്യപന്ത്. പ്രസിദ്ധിനെ ബ്രൂക്ക് ഉയർത്തിയടിക്കുന്നു. പന്ത് ലോങ് ലെഗിലേക്ക്. സിറാജ് പന്ത് പിടിച്ചെടുത്തു. രണ്ടടി പിന്നോട്ട്. കാല് വരയിൽ തൊട്ടു. ബൗണ്ടറി വര കടന്ന്, തൊപ്പികൊണ്ട് മുഖംമറച്ചു. കണ്ണടച്ചുനിന്ന സിറാജിന്റെ മുഖത്ത് നോക്കി ഒരു ഇംഗ്ലീഷ് ആരാധകൻ കൈയടിച്ചു. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ വര ചവിട്ടു ന്ന രംഗം വീണ്ടും കാണിക്കുമ്പോൾ ആർത്തുകൂ വി. വിളറിയ സിറാജിന്റെ മുഖം വീണ്ടും കാണിച്ചു.
19 റണ്ണിൽനിന്ന് ജീവൻ കിട്ടിയ ബ്രൂക്ക് 111ലാണ് അവസാനിപ്പിച്ചത്. കളി പൂർണമായും കൈവിട്ട നിമിഷത്തിലാണ് അഞ്ചാംദിനം സ്വപ്ന സമാനമായ പ്രകടനം നടത്തിയത്. ഒടുവിൽ ഗസ് അറ്റ്കിൻസന്റെ കുറ്റി നിലംപതിച്ചപ്പോൾ സിറാജ് ഓവലിൽനിറഞ്ഞു. 30.1 ഓവറിൽ 104 റൺ വഴങ്ങി അഞ്ച് വിക്കറ്റ്. ഇന്ത്യൻ പേസ്നിരയുടെ മുഖമായ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ സിറാജിനായിരുന്നു ബൗളിങ് വിഭാഗത്തിന്റെ ചുമതല. താരതമ്യേന തുടക്കക്കാരായ പ്രസിദ്ധിനും ആകാശിനും പരിമിതികളുണ്ടായിരുന്നു. ബുമ്രയുടെ നിഴലിൽനിന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
പിച്ചിൽ കുത്തിയാൽ അപ്രതീക്ഷിതമായി ഏത് ഭാഗത്തേക്കും സ്വിങ് ചെയ്യുന്ന ‘വോബിൾ സീം’ ആണ് പ്രധാന ആയുധം. ലെങ്തിൽ എപ്പോഴും കൃത്യത പാലിച്ചു. കഠിനാധ്വാനമായിരുന്നു കൈമുതൽ. ലോർഡ്സ് ടെസ്റ്റ് ഇപ്പോഴും വേദനയായി അവശേഷിക്കുന്നു. ഷോയ്ബ് ബഷീറിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിലേക്ക് വീണപ്പോൾ 22 റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി. സിറാജിന്റെ ഹൃദയം മുറിഞ്ഞു. ‘അന്ന് ജഡ്ഡു ഭായ് (ജഡേജ) പറഞ്ഞു. ബാറ്റ് നേരെ പിടിക്കുക. പന്ത് മധ്യത്തിൽ കൊള്ളിക്കുക. അച്ഛന്റെ കഠിനാധ്വാനം ഓർക്കുക. പിന്നെ പന്ത് നേരിടുക. പക്ഷേ, എനിക്ക് പിടിച്ചുനിൽക്കാനായില്ല’– സിറാജിന്റെ വാക്കുകൾ. ആ പരാജിത ചിത്രംകൂടിയാണ് ഓവലിൽ സിറാജ് മായ്ച്ചുകളഞ്ഞത്.









0 comments