ad
Deshabhimani

"ആരും എന്നെ വിവാഹം ചെയ്യാൻ താൽപര്യപ്പെട്ടില്ല; നേരിട്ടത് കടുത്ത വംശീയ അധിക്ഷേപം"; വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

L Sivaramakrishnan

കപിൽ ദേവിനൊപ്പം ലക്ഷ്മൺ ശിവരാമകൃഷ്ണൻ (ഇടത്) | Photo Credit: FB/Sivaramakrishnan Laxman

വെബ് ഡെസ്ക്

Published on Mar 26, 2026, 09:38 AM | 2 min read

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് പ്രതിഭകളിൽ ഒരാളായിരുന്നിട്ടും ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ അന്താരാഷ്ട്ര കരിയർ ദീർഘകാലം നീണ്ടുനിന്നില്ല. സലീം മാലിക്, ഇമ്രാൻ ഖാൻ തുടങ്ങിയ ഇതിഹാസങ്ങളെപ്പോലും വിസ്മയിപ്പിച്ച ഈ ലെഗ് സ്പിന്നർക്ക്, കൗമാരപ്രായത്തിൽ നൽകിയ വലിയ പ്രതീക്ഷകൾക്കൊപ്പം വളരാൻ സാധിച്ചില്ല. എന്നാൽ ഇതിന് കാരണം അദ്ദേഹത്തിന്റെ കഴിവിന്റെ കുറവോ കഠിനാധ്വാനത്തിന്റെ അഭാവമോ മാത്രമായിരുന്നില്ല. തന്നെ മാനസികമായി തളർത്തിയ മറ്റു ചില ഘടകങ്ങളെക്കുറിച്ച് ശിവരാമകൃഷ്ണൻ വെളിപ്പെടുത്തുകയാണ്. താൻ നേരിട്ട കടുത്ത വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശിവരാമകൃഷ്ണൻ തുറന്നുപറഞ്ഞത്.


പതിനേഴാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരത്തിന്, നിരന്തരമായ ആരോപണങ്ങൾ കരിയറിൽ വിലങ്ങുതടിയായി. വംശീയ അധിക്ഷേപങ്ങളെക്കൂടാതെ മദ്യത്തിനും അടിമയാണെന്ന ആരോപണങ്ങളും സഹിക്കാൻ പ്രയാസമായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന പദവി ഉണ്ടായിരുന്നിട്ടും വിവാഹം കഴിക്കാൻ ഒരു പങ്കാളിയെ കണ്ടെത്തുന്നത് പോലും തനിക്ക് പ്രയാസകരമായി മാറിയെന്ന് ശിവരാമകൃഷ്ണൻ പറയുന്നു.


"മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ആളുകൾക്ക് വലിയ ഇഷ്ടമാണ്. 16നും 19നും ഇടയിലുള്ള പ്രായത്തിലാണ് ഞാൻ വിദേശ പര്യടനങ്ങൾ നടത്തിയത്. പ്രായപൂർത്തിയാകാത്ത എനിക്ക് ഹോട്ടലുകളിൽ അവർ എങ്ങനെ മദ്യം നൽകും? ഞാൻ ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പിന്നീട് ജീവിതത്തിൽ ഞാൻ ബിയർ കഴിച്ചിട്ടുണ്ട് - അത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, 19 വയസ്സുള്ള ഒരാളെ മദ്യപാനിയെന്നും മയക്കുമരുന്നിന് അടിമയെന്നും വിളിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ,"- അദ്ദേഹം പറഞ്ഞു.


ടെസ്റ്റ് ക്രിക്കറ്റ് താരം എന്ന പദവിയും സ്വന്തമായി ഫ്ലാറ്റും ഉണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ വൈവാഹിക പരസ്യത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. മറുപടികൾക്കായി ഒരു പോസ്റ്റ് ബോക്സ് നമ്പറും നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് ബോക്സ് തുറന്നപ്പോൾ ഒരു അപേക്ഷ പോലും ഉണ്ടായിരുന്നില്ല. "ആളുകൾ എന്റെ പേര് അത്രത്തോളം മോശമാക്കിയിരുന്നു. തങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു നൽകാൻ ആരും ആഗ്രഹിച്ചിരുന്നില്ല"- അദ്ദേഹം വെളിപ്പെടുത്തി.


14-ാം വയസ്സിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നെറ്റ് ബൗളറായി എത്തിയപ്പോൾ പരിശീലനത്തിന് ശേഷം വസ്ത്രം മാറാനായി മുറിയിലേക്ക് പോയി. അവിടെവെച്ച് ഒരു മുതിർന്ന ഇന്ത്യൻ താരം തന്റെ ഷൂസ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. ശിവരാമകൃഷ്ണനെ ഗ്രൗണ്ട് സ്റ്റാഫ് ആണെന്ന് കരുതിയായിരുന്നു ആ താരത്തിന്റെ പെരുമാറ്റം. "ഞാൻ അയാളെ നോക്കി പറഞ്ഞു, അത് എന്റെ ജോലിയല്ല, നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കുക," ശിവരാമകൃഷ്ണൻ ഓർത്തെടുത്തു. അന്ന് വംശീയത എന്താണെന്നോ നിറത്തിന്റെ പേരിലുള്ള വിവേചനം എന്താണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


തമിഴ്‌നാട് ടീമിൽ കളിക്കുമ്പോൾ പ്രമുഖ താരങ്ങൾ "കറുപ്പ" എന്ന് വിളിച്ച് ആക്ഷേപിക്കുക്കുമായിരുന്നു. മുംബൈ, ചണ്ഡീഗഡ്, ജലന്ധർ എന്നിവിടങ്ങളിൽ ബൗണ്ടറി ലൈനിന് അടുത്ത് ഫീൽഡ് ചെയ്യുമ്പോൾ കാണികൾ "കാലിയാ, തേരാ ക്യാ ഹോഗാ" (കറുമ്പാ, നിന്റെ അവസ്ഥ എന്താകും) എന്ന് പറഞ്ഞ് നിറത്തിന്റെ പേരിൽ പരിഹസിക്കുമായിരുന്നു.


മാനസികമായി തകർന്നുപോയ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുന്നത്. ‌"1987ലെ ലോകകപ്പ് കഴിഞ്ഞ് നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തമിഴ്‌നാട് സെലക്ടർമാർ എന്നെ വിളിച്ചു. എനിക്ക് കായികക്ഷമത ഇല്ലെന്ന് പത്രക്കാരോട് പറയാൻ അവർ ആവശ്യപ്പെട്ടു. ഞാൻ പറയില്ലെന്ന് പറഞ്ഞു. കാര്യങ്ങൾ നിങ്ങൾക്ക് എളുപ്പമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, വേണമെങ്കിൽ എന്നെ ടീമിൽ നിന്ന് പുറത്താക്കിക്കോളൂ എന്ന് ഞാൻ പറഞ്ഞു."- ശിവരാമകൃഷ്ണൻ തുറന്നുപറഞ്ഞു.


1987ൽ കരിയർ അവസാനിച്ച ശേഷം ശിവരാമകൃഷ്ണൻ കമന്റേറ്ററായി മാറി. ഐപിഎല്ലിൽ വർഷങ്ങളോളം പരിചിതമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ കോവിഡ് ലോക്ക്ഡൗൺ കാലം അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. വിഷാദരോ​ഗത്തോടും പൊരുതിയാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home