ad
Deshabhimani

പുരാൻ 
പുരാണം ; 36 പന്തിൽ 87* 8 സിക്സർ 7 ഫോർ

nicholas pooran

കൊൽക്കത്തയ്ക്കെതിരെ നിക്കോളാസ് പുരാൻ സിക്സർ പറത്തുന്നു

വെബ് ഡെസ്ക്

Published on Apr 09, 2025, 03:56 AM | 2 min read


കൊൽക്കത്ത : സ്‌പിന്നർ രവി ബിഷ്‌ണോയ്‌ എറിഞ്ഞ അവസാന ഓവറിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ ജയിക്കാൻ 24 റൺ വേണ്ടിയിരുന്നു. കൂറ്റനടിക്കാരൻ റിങ്കു സിങ്ങും ഹർഷിത്‌ റാണയുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ ഹർഷിത്‌ ഫോറടിച്ചു. രണ്ടാം പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ഒരു റൺ. നാലും അഞ്ചും റിങ്കു ഫോറടിച്ചു. അവസാന പന്ത്‌ സിക്‌സറിലേക്കും പറത്തി. പക്ഷേ ജയിക്കാൻ അതുമതിയായില്ല. 19 റണ്ണുമായി കൊൽക്കത്ത അവസാനിപ്പിച്ചപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്‌ നാല്‌ റൺ ജയം. റിങ്കു 15 പന്തിൽ 38 റണ്ണുമായി പുറത്തായില്ല. ഹർഷിത്‌ 10 റണ്ണെടുത്ത്‌ കൂട്ടായി.


സ്‌കോർ: ലഖ്‌നൗ 238/3, കൊൽക്കത്ത 234/7


ലഖ്‌നൗ ഉയർത്തിയത്‌ മികച്ച സ്‌കോറായിട്ടും കൊൽക്കത്ത തട്ടകമായ ഈഡൻ ഗാർഡനിൽ ആത്മവിശ്വസത്തോടെയാണ്‌ പിന്തുടർന്നത്‌. ക്യാപ്‌റ്റൻ അജിൻക്യ രഹാനെയും വെങ്കിടേഷ്‌ അയ്യരും വിജയംകൊണ്ടുവരുമെന്ന്‌ കാണികൾ കരുതി. എന്നാൽ 35 പന്തിൽ 61 റണ്ണെടുത്ത രഹാനെയുടെ പുറത്താകൽ എല്ലാ മാറ്റിമറിച്ചു. ശാർദുൽ ഠാക്കൂറിന്റെ ഫുൾടോസ്‌ പന്തിൽ നിക്കോളാസ്‌ പുരാൻ പിടിച്ചു. അതായിരുന്നു കളിയിലെ വഴിത്തിരിവ്‌. രഹാനെയും വെങ്കിടേഷ്‌ അയ്യരും ചേർന്ന്‌ മൂന്നാം വിക്കറ്റിൽ 71 റണ്ണടിച്ചു. രഹാനെ പുറത്താകുംമുമ്പ്‌ ഏഴ്‌ ഓവറിൽ എട്ട്‌ വിക്കറ്റ്‌ ശേഷിക്കെ ജയിക്കാൻവേണ്ടിയിരുന്നത്‌ 77 റൺ. 13മുതൽ 17വരെയുള്ള എല്ലാ ഓവറിലും ഓരോ വിക്കറ്റ്‌ വീണത്‌ കൊൽക്കത്തയെ തളർത്തി.


വെങ്കിടേഷ്‌ അയ്യർ 29 പന്തിൽ 45 റണ്ണുമായി മടങ്ങി. 23 റണ്ണിന്‌ അഞ്ച്‌ വിക്കറ്റ്‌ തുലച്ച കൊൽക്കത്ത റിങ്കുവിൽ രക്ഷകനെ പ്രതീക്ഷിച്ചു. എന്നാൽ ആറ്‌ ഫോറും രണ്ട്‌ സിക്‌സറുമായി പരിശ്രമിച്ച റിങ്കുവിന്‌ ലക്ഷ്യംസാധ്യമായില്ല. ലഖ്‌നൗവിനായി ആകാശ്‌ദീപും ശാർദുലും രണ്ട്‌ വിക്കറ്റുവീതം വീഴ്‌ത്തി.


ഉജ്വല ഫോമിൽ കളിക്കുന്ന വെസ്‌റ്റിൻഡീസ്‌ ബാറ്റർ നിക്കോളാസ്‌ പുരാനും മിച്ചെൽ മാർഷുമാണ്‌ ലഖ്‌നൗവിന്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. കളിയിലെ താരമായ പുരാൻ 36 പന്തിൽ 87 റണ്ണുമായി പുറത്താവാതെനിന്നു. എട്ട്‌ സിക്‌സറും ഏഴ്‌ ഫോറും ഇടംകൈയൻ ബാറ്റർ നേടി. അഞ്ച്‌ കളിയിൽ 288 റണ്ണുമായി ഒന്നാമതാണ്‌. മൂന്നാമത്തെ അർധസെഞ്ചുറിയാണ്‌ കണ്ടെത്തിയത്‌. ഓസ്‌ട്രേലിയൻ താരമായ മിച്ചെൽ മാർഷ്‌ 48 പന്തിൽ 81 റണ്ണടിച്ചു. ആറ്‌ ഫോറും അഞ്ച്‌ സിക്‌സറും നിറഞ്ഞ ഇന്നിങ്സ്‌. എയ്‌ദൻ മാർക്രം 28 പന്തിൽ 47 റൺ നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home