ഒരു രാജ്യത്തിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; ഇംഗ്ലണ്ട് ടീമിന്റെ നേപ്പാൾ പര്യടനം ഔദ്യോഗിക ചർച്ചകളിലേക്ക്

ട്വന്റി20 ലോകകപ്പിനിടെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശത്തിമിർപ്പിലായ നേപ്പാൾ ആരാധകർ.Photo Credit: Getty Images
ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ കരുത്തരായ ഇംഗ്ലണ്ട് പുരുഷ ടീം നേപ്പാളിൽ ചരിത്രപരമായ പര്യടനത്തിന് തയ്യാറെടുക്കുന്നു. 2027-31 അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ ഉൾപ്പെടുത്തി ഒരു ട്വന്റി20 പരമ്പര കളിക്കാനാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
ഇത് യാഥാർത്ഥ്യമായാൽ നേപ്പാളിൽ പര്യടനം നടത്തുന്ന ആദ്യത്തെ പ്രധാന ടെസ്റ്റ് പദവിയുള്ള രാഷ്ട്രമായി ഇംഗ്ലണ്ട് മാറും.സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ കുതിപ്പാണ് നേപ്പാൾ നടത്തുന്നത്. ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ 17 ആം സ്ഥാനത്തുള്ള ടീമാണ് നേപ്പാൾ.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു ഫുൾടൈം ഐസിസി അംഗത്തെ ആദ്യമായി അവർ തോൽപ്പിച്ചിരുന്നു.
നിലവിൽ അയർലൻഡ് ക്രിക്കറ്റ് ബോർഡ് നേപ്പാളുമായി അഞ്ച് വർഷത്തെ തന്ത്രപരമായ കരാറിൽ ഏർപ്പെടുകയും 2026-27 സീസണിൽ അവിടെ പര്യടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടും നേപ്പാളിലേക്ക് എത്താൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടും നേപ്പാളും ആദ്യമായി ഏറ്റുമുട്ടിയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പന്തിലാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഈ മത്സരത്തിന് പിന്നാലെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും മുൻ ക്യാപ്റ്റനുമായ പരസ് ഖഡ്‌ക ഇസിബി അധികൃതരുമായി ഇന്ത്യയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. നേപ്പാൾ ക്രിക്കറ്റിന് കൂടുതൽ ഉന്നതിയിൽ എത്തിക്കാൻ വലിയ ടീമുകളുമായുള്ള മത്സരങ്ങൾ അനിവാര്യമാണെന്ന് ഖഡ്‌ക വ്യക്തമാക്കി.
ഇന്ത്യ പോലുള്ള അയൽരാജ്യങ്ങളിൽ നടക്കുന്ന പരമ്പരകൾക്ക് മുന്നോടിയായുള്ള ഒരു ഹ്രസ്വ പര്യടനമായാണ് ഇംഗ്ലണ്ട് ഇതിനെ കാണുന്നത്. ഇംഗ്ലണ്ടിനെപ്പോലൊരു ലോകോത്തര ടീം നേപ്പാളിൽ എത്തുന്നത് അവിടുത്തെ പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്ന് നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ പറഞ്ഞു.
നേപ്പാളിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം പരിഗണിച്ച് ഈ പര്യടനം യാഥാർത്ഥ്യമാക്കാനുള്ള ചർച്ചകളിലാണ് ഇരു ക്രിക്കറ്റ് ബോർഡുകളും.










0 comments