കേരളം ഔട്ട്, വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാവില്ല

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനായുള്ള വേദികളിൽ കേരളം ഇല്ല. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു. പകരം നവി മുംബൈയ്ക്കും ഗുഹാവത്തിക്കുമാണ് പട്ടികയിൽ അവസരം നൽകിയിരിക്കുന്നത്.
വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനം ഉൾപ്പെടെ കേരളത്തിലാവും എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. പുതിയ പട്ടിക പ്രകാരം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂൾ വെള്ളിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കി.
വിശാഖപട്ടണം, നവി മുംബൈ, ഇന്ദോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റിയത്.
ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ട വേദികളുടെ പട്ടിക പ്രകാരം ലോകകപ്പിലെ ഒരു മത്സരവും കാര്യവട്ടത്തുവെച്ച് നടക്കുന്നില്ല. കേരളത്തെ പുറത്താക്കിയതിന് കാരണങ്ങളും വ്യക്തമാക്കിയിട്ടില്ല.
“സമീപ വർഷങ്ങളിൽ വനിതാ ക്രിക്കറ്റിന് നവി മുംബൈ ഒരു യഥാർത്ഥ കേന്ദ്രമായി മാറിയിരിക്കുന്നു,” ഐസിസി ചെയർമാൻ ജയ് ഷാ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഷെഡ്യൂൾ ക്രമീകരിക്കുകയും വേദി മാറ്റുകയും ചെയ്യേണ്ടി വന്നെങ്കിലും, വനിതാ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച പ്രകടനം പ്രദർശിപ്പിക്കുന്ന അഞ്ച് ലോകോത്തര വേദികളുടെ ഒരു നിര ലഭിച്ചു എന്ന് വിശദീകരിക്കയും ചെയ്തു.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയം മൂന്ന് ലീഗ് മത്സരങ്ങൾ, രണ്ട് സെമി-ഫൈനൽ, നവംബർ 2 ന് നടക്കുന്ന ഫൈനൽ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും.
ജൂണിൽ, ടൂർണമെന്റ് ഷെഡ്യൂൾ വെളിപ്പെടുത്തിയപ്പോൾ ഐസിസി ബെംഗളൂരുവിനെ അഞ്ച് വേദികളിൽ ഉൾപ്പെടുത്തിയിരുന്നു. ദുരന്തം നടന്നതോടെ ഇത് മാറ്റി. ഇതോടെ കാര്യവട്ടം സ്റ്റേഡിയത്തെ പകരം പരിഗണിച്ച് റിപ്പോർട് വന്നു. എന്നാൽ നവി മുംബൈയ്ക്കും ഗുഹാവത്തിക്കും ബെംഗളൂരുവിന് പകരമായി പട്ടികയിൽ ഇടം നൽകി.
ഐസിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ടൂർണമെന്റ് ആരംഭിക്കുന്നതിന് 30 ദിവസം മുമ്പ് ആതിഥേയ അസോസിയേഷൻ വേദി ആഗോള ഗവേണിംഗ് ബോഡിക്ക് കൈമാറേണ്ടതുണ്ട്, ആ കാലയളവിൽ സ്റ്റേഡിയത്തിൽ മറ്റ് മത്സരങ്ങൾ നടത്തരുത്.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്.
ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. പാകിസ്ഥാൻ ഉൾപ്പെടുന്ന മത്സരങ്ങൾക്ക് ശ്രീലങ്കയിലാണ് വേദി.









0 comments