വീണ്ടും രോഹിത് ; മുംബെെ ഇന്ത്യൻസ് കുതിച്ചു

അഭിഷേകിന്റെ ക്യാച്ചെടുത്ത വിഘ്നേഷിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

Sports Desk
Published on Apr 24, 2025, 04:34 AM | 1 min read
ഹൈദരാബാദ് : തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ അർധ സെഞ്ചുറിയുമായി തിളങ്ങിയപ്പോൾ ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് കുതിച്ചു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്തു. മുംബെെയുടെ തുടർച്ചയായ നാലാം ജയം. 144 റൺ ലക്ഷ്യവുമായി ഇറങ്ങിയ മുംബെെ 15.4 ഓവറിൽ ജയം നേടി. രോഹിത് 46 പന്തിൽ 70 റണ്ണടിച്ചു. സൂര്യകുമാർ യാദവ് 19 പന്തിൽ 40 റണ്ണുമായി പുറത്തായില്ല.
ഹെെദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റണ്ണാണ് നേടിയത്. ഹെൻറിച്ച് ക്ലാസെനും (44 പന്തിൽ 71) അഭിനവ് മനോഹറും (37 പന്തിൽ 43) ചേർന്നാണ് സ്‌കോർ 100 കടത്തിയത്. അഞ്ചാം ഓവറിൽ 13/4 എന്ന സ്‌കോറിൽ തകർന്നിടത്തുനിന്നാണ് തിരിച്ചുവന്നത്. ഒമ്പതാം ഓവറിൽ അത് 35/5 ആയി. ആറാം വിക്കറ്റിൽ ക്ലാസെനും മനോഹറും ചേർന്നെടുത്ത 99 റണ്ണാണ് മാനംകാത്തത്.
ട്രാവിസ് ഹെഡ്ഡിനെ റണ്ണെടുക്കുംമുമ്പ് മടക്കിയ ട്രെന്റ് ബോൾട്ട് അഭികേഷ് ശർമയെയും (8) പുറത്താക്കി. ഇഷാൻ കിഷനെയും (1) നിതീഷ് റെഡ്ഡിയെയും (2) വീഴ്‌ത്തി ദീപക് ചഹാർ പ്രതിസന്ധി രൂക്ഷമാക്കി. അനികേത് വർമയെ (12) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചു.
പത്തൊമ്പതാം ഓവർവരെ ചെറുത്തുനിന്ന ക്ലാസെൻ ഒമ്പത് ഫോറും രണ്ട് സിക്‌സറുമടിച്ചു. ജസ്‌പ്രീത് ബുമ്രയുടെ പന്തിൽ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പോരാട്ടം അവസാനിച്ചു. തിലക്‌വർമയാണ് ക്യാച്ചെടുത്തത്. ബുമ്രയ്‌ക്ക് 300 ട്വന്റി 20 വിക്കറ്റുകളായി. മനോഹർ മൂന്ന് സിക്‌സറും രണ്ട് ഫോറുമടിച്ചു. ബോൾട്ട് നാല് വിക്കറ്റ് നേടി. നാല് ഓവറിൽ രണ്ട് വിക്കറ്റെടുക്കാൻ ദീപക് ചഹാർ വിട്ടുനൽകിയത് 12 റൺ. കശ്‌മീരിലെ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ കളിക്കാർ കറുത്ത റിബ്ബൺ അണിഞ്ഞാണ് കളത്തിൽ ഇറങ്ങിയത്.









0 comments