ജയിച്ചാൽ മുംബൈ ; ഇന്ന്‌ ഡൽഹി ക്യാപിറ്റൽസിനോട്

Mumbai Indians vs Mumbai Indians

മുംബെെ താരങ്ങൾ പരിശീലനത്തിനിടെ

avatar
Sports Desk

Published on May 21, 2025, 04:06 AM | 2 min read


മുംബൈ

ഐപിഎൽ ക്രിക്കറ്റിലെ നിർണായക പോരാട്ടം ഇന്ന്‌. പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരുസ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ്‌ കളി.


ഇന്ന്‌ ജയിച്ചാൽ മുംബൈക്ക്‌ ഒരു കളി ശേഷിക്കെ പ്ലേ ഓഫ്‌ ഉറപ്പാക്കാം. ഡൽഹി പുറത്താകുകയും ചെയ്യും. ഡൽഹിക്ക്‌ ഇന്ന്‌ ജയിച്ചാൽ പ്ലേ ഓഫ്‌ സാധ്യത നിലനിർത്താം. അവസാന കളിയിൽ പഞ്ചാബ്‌ കിങ്‌സിനെ തോൽപ്പിച്ചാൽ മതി. നിലവിൽ രണ്ട്‌ കളി ശേഷിക്കെ മുംബൈക്ക്‌ പതിനാലും ഡൽഹിക്ക്‌ 13ഉം പോയിന്റാണുള്ളത്‌. തുടർച്ചയായ ആറ്‌ ജയങ്ങളുമായാണ്‌ ഹാർദിക്‌ പാണ്ഡ്യയുടെ സംഘം നാലാംസ്ഥാനത്തേക്ക്‌ മുന്നേറിയത്‌.


അവസാന കളിയിൽ നേരിയ വ്യത്യാസത്തിനാണ്‌ മുംബൈ ഗുജറാത്ത്‌ ടൈറ്റൻസിനോട്‌ തോറ്റത്‌. ഇന്ന്‌ രോഹിത്‌ ശർമയിലാണ്‌ മുഴുവൻ കണ്ണുകളും. ടെസ്‌റ്റ്‌ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷമുള്ള രോഹിതിന്റെ ആദ്യ കളിയാണ്‌.


ദക്ഷിണാഫ്രിക്കൻ താരങ്ങളായ റ്യാൻ റിക്കിൾട്ടെണും കോർബിൻ ബോഷും സീസണിൽ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ടീം പ്ലേ ഓഫിൽ കടക്കുകയാണെങ്കിൽ ഇരുവർക്കും തുടരാനാകില്ല. 26ന്‌ മടങ്ങാനാണ്‌ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.


സൂര്യകുമാർ യാദവാണ്‌ ബാറ്റർമാരിലെ നായകൻ. അതേസമയം, തിലക്‌ വർമയുടെ മങ്ങിയ പ്രകടനം ആശങ്കയാണ്‌.


ബൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്ര–-ട്രെന്റ്‌ ബോൾട്ട്‌ സഖ്യം തകർപ്പൻ പ്രകടനത്തിലാണ്‌.

മറുവശത്ത്‌ ഗുജറാത്തിനോട്‌ പത്ത്‌ വിക്കറ്റിന്‌ തോറ്റാണ്‌ ഡൽഹി എത്തുന്നത്‌. ആദ്യ ആറ്‌ കളിയിൽ അഞ്ചിലും ജയിച്ച്‌ മുന്നേറിയ ഡൽഹിക്ക്‌ അവസാന ഘട്ടത്തിൽ തിരിച്ചടിയുണ്ടായി. പേസർ മിച്ചെൽ സ്‌റ്റാർക്‌ തിരിച്ചെത്താത്തത്‌ ബാധിച്ചു. ബാറ്റർമാരിൽ കെ എൽ രാഹുലിലാണ്‌ (493) പ്രതീക്ഷ. ബൗളിങ്‌ നിര തെളിയാത്തതാണ്‌ ആശങ്ക.


ഇടുടീമുകളും 36 തവണ ഏറ്റുമുട്ടിയപ്പോൾ മുംബൈയ്‌ക്ക്‌ 20 ജയമുണ്ട്‌. ഡൽഹി 16 കളി ജയിച്ചു. ഈ സീസണിലെ ആദ്യ മുഖാമുഖത്തിൽ മുംബൈ 12 റണ്ണിന്‌ ജയിച്ചിരുന്നു.


മുംബൈയ്‌ക്ക്‌ പകരക്കാർ

ഐപിഎൽ പ്ലേ ഓഫിൽ കടക്കുകയാണെങ്കിൽ താൽക്കാലിക പകരക്കാരെ പ്രഖ്യാപിച്ച്‌ മുംബൈ ഇന്ത്യൻസ്‌. ഇംഗ്ലീഷ്‌ താരങ്ങളായ ജോണി ബെയർസ്‌റ്റോ, റിച്ചാർഡ്‌ ഗ്ലീസൻ, ശ്രീലങ്കയുടെ ചരിത്‌ അസ്സലങ്ക എന്നിവർ ടീമിലെത്തും. ഇംഗ്ലണ്ടിന്റെ വിൽ ജാക്‌സ്‌ ഏകദിന പരമ്പരയ്‌ക്കായി മടങ്ങും. ദക്ഷിണാഫ്രിക്കയുടെ റ്യാൻ റിക്കിൾട്ടെണും കോർബിൻ ബോഷും തുടരില്ല. ഈ സാഹചര്യത്തിലാണ്‌ പകരക്കാരെ കൊണ്ടുവരുന്നത്‌.


പ്ലേ ഓഫിലെത്തിയ ടീമുകൾ

ഗുജറാത്ത്‌ ടൈറ്റൻസ്‌

റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു

പഞ്ചാബ്‌ കിങ്സ്‌


പുറത്തായ ടീമുകൾ

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌

രാജസ്ഥാൻ റോയൽസ്‌

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌

ചെന്നൈ സൂപ്പർ കിങ്സ്‌

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌



deshabhimani section

Related News

View More
0 comments
Sort by

Home