ഐപിഎൽ; ഒരു ടീമിനെതിരെ 25 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

മുംബൈ : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ കൊൽക്കത്തയെ ആറ് വിക്കറ്റിന് തകർത്തതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഒരു ടീമിനെതിരെ 25 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് മുംബൈ സ്വന്തമാക്കിയത്.
മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്തയ്‌ക്കെതിരെ കളിച്ച 36 മത്സരങ്ങളിൽ നിന്നാണ് മുംബൈ 25-ാം ജയം നേടിയത്. വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ശേഷിക്കെ മുംബൈ മറികടന്നു. 2012ന് ശേഷം ആദ്യമായാണ് ഒരു സീസണിലെ തങ്ങളുടെ ഉദ്ഘാടന മത്സരം മുംബൈ ജയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
കൂടാതെ, ഐപിഎല്ലിൽ ഒരേ വേദിയിൽ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡും മുംബൈക്കാണ്. വാങ്കഡേയിൽ കൊൽക്കത്തയ്‌ക്കെതിരെ നടന്ന 13 മത്സരങ്ങളിൽ 11 തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് മുംബൈ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്ത്.









0 comments