വനിതാ പ്രീമിയർ ലീഗ്: മുംബൈ കുതിച്ചു

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഒമ്പത് റണ്ണിന് ഗുജറാത്ത് ജയന്റ്‌സിനെ കീഴടക്കി. ഏഴ് കളിയിൽ പത്ത് പോയിന്റുമായി രണ്ടാമതെത്തി. ഇന്ന് അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. സ്‌കോർ: മുംബൈ 179/6, ഗുജറാത്ത് 170/9.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറിയാണ്(54) മുംബൈയ്‌ക്ക് മികച്ച സ്‌കോർ ഒരുക്കിയത്. 33 പന്തിൽ ഒമ്പത് ഫോറടിച്ചു. നാറ്റ് സ്‌കീവർ ബ്രുന്റ് 38 റണ്ണുമായി പിന്തുണച്ചു. ഹെയ്‌ലി മാത്യൂസും അമൻജോത് കൗറും 27 റൺവീതം നേടി. മലയാളി താരം എസ് സജന 11 റണ്ണുമായി പുറത്തായില്ല. മുൻനിര ബാറ്റർമാരെ നേരത്തെ നഷ്‌ടപ്പെട്ട ഗുജറാത്തിന് ഭാരതി ഫുൽമാലി പ്രതീക്ഷ നൽകി. 25 പന്തിൽ 61 റണ്ണടിച്ച ഭാരതി എട്ട് ഫോറും നാല് സിക്‌സറുമടിച്ചു. സിമ്രാൻ ഷെയ്‌ഖ് 18 റണ്ണെടുത്തു.
അവസാന ഓവറിൽ ജയിക്കാൻ 13 റൺ വേണമെന്നിരിക്കെ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട് ലക്ഷ്യത്തിലെത്താനായില്ല.
ഗുജറാത്ത് എട്ട് പോയിന്റുമായി മൂന്നാമതാണ്. യുപി വാരിയേഴ്‌സും(ആറ് പോയിന്റ്) ബംഗളൂരുവും(4) പുറത്തായി.










0 comments