ഐപിഎല്ലിൽ മുംബൈക്ക് നാലാം തോൽവി; ഉത്തരവാദിത്തം എല്ലാവർക്കുമെന്ന് മഹേല ജയവർധന

മഹേല ജയവർധന (ഇടത്) രോഹിത് ശർമ്മ (വലത്)
മുംബൈ : ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിൽ പരിശീലകൻ മഹേല ജയവർധന അതൃപ്തി രേഖപ്പെടുത്തി. പഞ്ചാബ് കിങ്‌സിനെതിരെയുള്ള തോൽവിക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ പരാജയം ഏതെങ്കിലും ഒരു വ്യക്തിയുടെ പിഴവല്ലെന്നും മാനേജ്‌മെന്റും കോച്ചിങ് സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്നും വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ സീസണിൽ തുടർച്ചയായ നാലാം തോൽവിയാണ് വഴങ്ങിയത്. കൊൽക്കത്തയ്‌ക്കെതിരെ ജയത്തോടെ തുടങ്ങിയെങ്കിലും ഡൽഹി, രാജസ്ഥാൻ, ബംഗളൂരു, ഇപ്പോൾ പഞ്ചാബ് എന്നിവരോട് പരാജയപ്പെട്ടു. ടീം ഭേദപ്പെട്ട രീതിയിൽ കളിക്കുന്നുണ്ടെങ്കിലും എതിരാളികൾ കൂടുതൽ ക്ലിനിക്കൽ ആയി പ്രകടനം നടത്തുന്നതാണ് തിരിച്ചടിയാകുന്നതെന്ന് ജയവർധനെ പറഞ്ഞു. ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഒരുമിച്ചുള്ള ശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന രോഹിത് ശർമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിച്ചു. രോഹിത് ന്റെ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സീസണിന്റെ തുടക്കമായതിനാൽ താരത്തെ തിരക്കിട്ട് കളത്തിലിറക്കാൻ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഓരോ ദിവസത്തെയും ശാരീരിക പുരോഗതി വിലയിരുത്തിയാകും രോഹിത്തിന്റെ മടങ്ങിവരവ് നിശ്ചയിക്കുക.
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്വിന്റൺ ഡി കോക്കിന്റെ സെഞ്ചുറി (112) മികവിൽ മുംബൈ 195 റൺസ് നേടിയെങ്കിലും പഞ്ചാബ് അനായാസം സ്കോർ മറികടന്നു. പ്രഭ്സിമ്രാൻ സിങ് (80), ശ്രേയസ് അയ്യർ (66) എന്നിവരുടെ ബാറ്റിങ് കരുത്തിൽ 16.3 ഓവറിൽ പഞ്ചാബ് ലക്ഷ്യം കണ്ടു. നിലവിൽ പോയിന്റ് പട്ടികയിൽ പഞ്ചാബ് ഒന്നാമതും മുംബൈ ഒൻപതാം സ്ഥാനത്തുമാണ്.










0 comments