"തിരിച്ചുവരണം തലൈവാ"; ചിന്നത്തലയുടെ ആവശ്യത്തിന് ധോണി നൽകിയ മറുപടി ആരാധകരുടെ ഹൃദയം തകർക്കും

Photo Credit: BCCI
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ഒരേസമയം സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വൈകാരികമായ വൈകുന്നേരമായിരുന്നു തിങ്കളാഴ്ച ചെപ്പോക്കിൽ അരങ്ങേറിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങി, അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ നിഴലിലായെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട മുൻ നായകൻ എം എസ് ധോണി മൈതാനത്തിറങ്ങിയത് ആരാധകർക്ക് കൺകുളിർക്കുന്ന കാഴ്ചയായി.
പരിക്കിനെ തുടർന്ന് ഈ സീസണിലെ ഒരു മത്സരത്തിൽ പോലും 44-കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ കളിച്ചിരുന്നില്ല. എന്നാൽ ചെപ്പോക്കിലെ ഈ സീസണിലെ അവസാന മത്സരത്തിനു ശേഷം ടീം ഫോട്ടോ എടുക്കുന്നതിനായാണ് താരം മൈതാനത്തേക്ക് നടന്നെത്തിയത്. പിന്നീട് സ്റ്റേഡിയം വലംവെച്ച് കരിയറിലുടനീളം തനിക്ക് തണലായി നിന്ന ചെന്നൈയിലെ കളിപ്രേമികൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മത്സരശേഷം കമന്റേറ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്ന തന്റെ മുൻ ഇന്ത്യൻ-സിഎസ്‌കെ സഹതാരം 'ചിന്ന തല' സുരേഷ് റെയ്നയെ ധോണി കെട്ടിപ്പിടിച്ച നിമിഷം ആരാധകരിൽ പഴയകാല ഓർമ്മകളെ തൊട്ടുണർത്തി. സിഎസ്‌കെയെ നാല് ഐപിഎൽ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഇരുവർക്കുമിടയിൽ നടന്ന ഒരു രഹസ്യ സംഭാഷണം പിന്നീട് റെയ്ന വെളിപ്പെടുത്തി.
അടുത്ത വർഷമെങ്കിലും മഞ്ഞക്കുപ്പായത്തിൽ തിരിച്ചെത്തണമെന്ന് റെയ്ന ആവശ്യപ്പെട്ടപ്പോൾ, തന്റെ ശരീരം ഇപ്പോൾ അല്പം ബലഹീനമാണെന്നായിരുന്നു ധോണിയുടെ മറുപടി. ശരീരം പണ്ടത്തെപ്പോലെ സഹകരിക്കാത്തതിനാൽ അടുത്ത വർഷം ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് ധോണി നൽകിയ സൂചന. ഇത് വീണ്ടുമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു.









0 comments