തലയുടെ അവസാന ചെന്നൈ അങ്കമോ ഇന്ന്? അഞ്ച് വർഷം മുൻപത്തെ ധോണിയുടെ ആ വാക്ക് ഇന്ന് ചെപ്പോക്കിൽ യാഥാർത്ഥ്യത്തിലേക്കോ?

Photo Credit: Social Media
ചെന്നൈ: ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കാൻ വെറും രണ്ട് കളികൾ മാത്രം ബാക്കിനിൽക്കേ, ആരാധകരെ ആവേശത്തിലും ഒപ്പം ആശങ്കയിലുമാഴ്ത്തി മുൻ നായകൻ എംഎസ് ധോണിയുടെ വിരമിക്കൽ വാർത്തകൾ വീണ്ടും സജീവമാകുന്നു.
ഈ സീസണിന്റെ തുടക്കം മുതൽ കാൽവണ്ണയ്ക്കേറ്റ പരിക്ക് കാരണം 'തല' ഇതുവരെ ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ല. എന്നാൽ, തിങ്കളാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ തങ്ങളുടെ അവസാന ഹോം മത്സരത്തിന് ഇറങ്ങുമ്പോൾ, ട്വന്റി-20 കരിയറിലെ തന്റെ വിടവാങ്ങൽ മത്സരത്തിനായി ധോണി പാഡണിയുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇന്നത്തെ മത്സരത്തിന് അഞ്ച് വർഷം മുൻപ് ധോണി തന്നെ നടത്തിയ ഒരു പ്രവചനവുമായി സവിശേഷമായൊരു ബന്ധമുണ്ട്. 2021-ൽ ചെന്നൈയിൽ നടന്ന സിഎസ്കെയുടെ ഐപിഎൽ കിരീടധാരണ ആഘോഷത്തിനിടെ, തന്റെ അവസാന ട്വന്റി-20 മത്സരം ചെന്നൈയിൽ വെച്ചായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു.
അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന് അറിയില്ലെന്ന് അന്ന് പറഞ്ഞ ധോണിയുടെ ആ അഞ്ച് വർഷത്തെ സമയപരിധി കൃത്യമായി ഇന്ന് രാത്രി ചെപ്പോക്കിൽ അവസാനിക്കുകയാണ്. ഈ മത്സരത്തിന് ശേഷം ഈ സീസണിൽ ചെന്നൈയിൽ മറ്റ് മത്സരങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, ധോണിയെ സ്വന്തം തട്ടകത്തിൽ സിഎസ്കെ ജേഴ്സിയിൽ കാണാനുള്ള അവസാന അവസരം ഇതായിരിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണി കളിക്കാൻ വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ ഇന്ത്യൻ സഹതാരം രവിചന്ദ്രൻ അശ്വിൻ സൂചന നൽകി. കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളായി ധോണി പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കാൻ സജ്ജനാണെന്നാണ് താൻ അറിഞ്ഞതെന്നും അശ്വിൻ തന്റെ പ്രതികരണത്തിൽ വ്യക്തമാക്കി. ധോണി കളിക്കാൻ ലഭ്യമാണെന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അശ്വിന്റെ വാക്കുകൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ടീമിന്റെ ഭാവി കണക്കിലെടുത്ത് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും നിലവിലെ ടീം കോമ്പിനേഷൻ തകരാതിരിക്കാനുമാണ് 44 കാരനായ ധോണി ഇതുവരെ മാറിനിന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും, ഈ സീസണിൽ ചെപ്പോക്കിൽ നടക്കുന്ന അവസാന ഹോം മത്സരമായതിനാൽ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിടവാങ്ങൽ മത്സരമായി മാറിയേക്കാവുന്ന ഈ പോരാട്ടത്തിൽ അദ്ദേഹത്തെ ഒരു വട്ടം കൂടി കളിക്കളത്തിൽ കാണാൻ സാധിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.










0 comments