മാൻ ഓഫ് ദ് മാച്ച് നേടിയ പ്രായം കൂടിയ താരം; പുത്തൻ നേട്ടവുമായി ധോണി

ലഖ്നൗ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിങ് ധോണി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. 2014ൽ 42 വർഷവും 209 ദിവസവും പ്രായമുള്ളപ്പോൾ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രവീൺ താംബെയുടെ റെക്കോർഡാണ് 43 വർഷവും 283 ദിവസവും പ്രായമുള്ള ധോണി മറികടന്നത്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 19.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി ലക്ഷ്യം മറികടന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം എസ് ധോണിയാണ് 11 പന്തിൽ നിന്നും ഒരു സിക്സറും നാല് ഫോറുമടിച്ച് 26 റൺസ് നേടിയത്. ലക്നൗ താരം അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ മഹേന്ദ്രസിങ് ധോണിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ഇംപാക്ട് പ്ലെയറായത്തിയ ശിവം ദുബെയാണ് (37 പന്തിൽ 43 റൺസ്) ചെന്നൈയുടെ ടോപ് സ്‌കോറർ. ഓപ്പണർ രചിൻ രവീന്ദ്ര 22 പന്തുകളിൽ 37 റൺസ് നേടി. ഷെയ്ക് റഷീദ് 19 പന്തിൽ 27 റൺസുമെടുത്തു. ദുലഖ്‌നൗവിനായി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ദിഗ്വേഷ് സിങ് രതി, ആവേശ് ഖാൻ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റുവീതം നേടി. ലഖ്‌നൗവിനായി ക്യാപ്റ്റൻ ഋഷഭ് പന്ത് അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാൻ ഉപകരിച്ചില്ല.









0 comments