ad
Deshabhimani

സിറാജിന് ബിസിസിഐ വിശ്രമം അനുവദിച്ചു; അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ പ്രസിദ്ധ് കൃഷ്ണ

siraj and prasidh

അഫ്ഗാനിസ്ഥാനെതിരായി നടന്ന ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും കളിക്കുന്നു|Photo Credit: AP

വെബ് ഡെസ്ക്

Published on Jun 09, 2026, 04:19 PM | 2 min read

മുംബൈ: വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി 20 ടീമിൽ നിന്ന് പ്രമുഖ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. താരത്തിന്റെ വർക്ക് ലോഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ നടപടി. സിറാജിന് പകരം ഗുജറാത്ത് ടൈറ്റൻസിലെ അദ്ദേഹത്തിന്റെ സഹതാരം പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ബിസിസിഐ മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സിറാജിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചതെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. വരാനിരിക്കുന്ന നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിന് മുന്നോടിയായി താരത്തിന് പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഈ വിശ്രമം.


ഇന്ത്യക്കായി ഇതുവരെ അഞ്ച് ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള പ്രസിദ്ധ് കൃഷ്ണ 11 എക്കോണമി റേറ്റിൽ 8 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2023 നവംബറിൽ ഗുവാഹത്തിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു പ്രസിദ്ധ് ഇന്ത്യക്കായി അവസാനമായി ട്വന്റി 20 കളിച്ചത്.


ജൂൺ 13-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും പ്രസിദ്ധ് ഇടംപിടിച്ചിട്ടുണ്ട്. ഈ പരമ്പരയിലും സിറാജിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അടുത്തിടെ ന്യൂ ചണ്ഡീഗഡിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇരു പേസർമാരും ഒന്നിച്ച് കളിച്ചിരുന്നു.


ഈ കഴിഞ്ഞ ഐപിഎൽ 2026 സീസണിൽ റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി സിറാജ് 17 മത്സരങ്ങളും പ്രസിദ്ധ് കൃഷ്ണ 12 മത്സരങ്ങളും കളിച്ചിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ശേഷം സിംബാബ്‌വെ, ശ്രീലങ്ക, ന്യൂസിലൻഡ് പരമ്പരകളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.


ജൂൺ 26, 28 തീയതികളിൽ ബെൽഫാസ്റ്റിലാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ. തുടർന്ന് ജൂലൈ 1 മുതൽ 11 വരെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും ഇന്ത്യ കളിക്കും. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയും ഇടംപിടിച്ചിട്ടുണ്ട്.


ഇന്ത്യൻ ട്വന്റി 20 സ്ക്വാഡ് (അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ)


ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home