'കോർപറേറ്റുകൾക്ക് വാരിക്കോരി നൽകി'; 12 വർഷത്തെ സാമ്പത്തിക നയങ്ങൾ പരാജയമെന്ന് മോദി തന്നെ സമ്മതിച്ചു - എം എ ബേബി

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ സമ്പൂർണ പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഫിക്കിയുടെ ശതാബ്ദി സമ്മേളനത്തിൽ മോദി നടത്തിയ പ്രസംഗം സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ തുറന്നുസമ്മതിക്കലാണ്. വൻകിട വ്യവസായങ്ങൾക്ക് നികുതിയിളവുകളും ആനുകൂല്യങ്ങളും വാരിക്കോരി നൽകിയിട്ടും തൊഴിലാളികളുടെ വേതനം വർധിച്ചില്ലെന്നും തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് എം എ ബേബി എക്സിൽ കുറിച്ചു.
കോർപറേറ്റ് നികുതി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തുകയും വൻകിട വ്യവസായങ്ങൾക്ക് നിരവധി ഇളവുകൾ നൽകുകയും ചെയ്തിട്ടും സാധാരണക്കാർക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ പുരോഗതിയുണ്ടാക്കിയിട്ടില്ലെന്ന മോദിയുടെ വാക്കുകൾ 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. 2014ൽ വലിയ പ്രചാരണത്തോടെ മോദി ആരംഭിച്ച 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്കുശേഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഉൽപ്പാദനമേഖലയുടെ വിഹിതം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തതെന്നും ബേബി ചൂണ്ടിക്കാട്ടി.
കോർപറേറ്റുകൾക്ക് എത്ര ആനുകൂല്യങ്ങൾ നൽകിയാലും അവരുടെ ആർത്തി അവസാനിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തെക്കാൾ രൂക്ഷമായ നിലയിലേക്ക് രാജ്യത്തെ വരുമാനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം എത്തിയെന്ന കാര്യം മോദി പറയാൻ മറന്നു. നൂറുവർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ തോതിലാണ് ഇന്ന് സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നത്. ദേശസ്നേഹത്തെക്കുറിച്ചുള്ള എത്ര വലിയ പ്രസംഗങ്ങൾ നടത്തിയാലും ഈ വർഗയാഥാർഥ്യം മറച്ചുവയ്ക്കാനാവില്ല.
പൊള്ളയായ വാക്കുകളും ആഹ്വാനങ്ങളും അവസാനിപ്പിച്ച് സ്വന്തം നയങ്ങളുടെ പരാജയം പ്രധാനമന്ത്രി അംഗീകരിക്കണം. യഥാർഥ സ്വയംപര്യാപ്തത കൈവരിക്കാൻ പൊതുനിക്ഷേപം വർധിപ്പിക്കുകയും ആഭ്യന്തര ഉൽപ്പാദനശേഷി ശക്തിപ്പെടുത്തുകയും വേണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടപടിയുണ്ടാകണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ സൃഷ്ടിക്കുന്ന സമ്പത്തിന്റെ പ്രയോജനം സമൂഹത്തിനാകെ ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കണമെന്നും എം എ ബേബി വ്യക്തമാക്കി.
കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾക്കായി വൻകിട മൂലധനശക്തികളോട് നിർദേശങ്ങൾ തേടുന്നത് അവസാനിപ്പിക്കണം. കോർപറേറ്റുകളുടെ ലാഭത്തേക്കാൾ ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്. ലേബർ കോഡുകൾക്കെതിരായ തൊഴിലാളികളുടെ പോരാട്ടത്തിനും വേതനവർധനയും തൊഴിലവസരങ്ങളും ആവശ്യപ്പെട്ടുള്ള സമരത്തിനും പൂർണ പിന്തുണയുണ്ട്. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന തൊഴിലാളികളുടെ പാർലമെന്റ് മാർച്ച് വിജയിപ്പിക്കണമെന്നും എം എ ബേബി ആഹ്വാനം ചെയ്തു.








0 comments