Deshabhimani

തിരുവനന്തപുരത്തെ 15 വാർഡുകളിൽ ജലവിതരണം തടസ്സപ്പെട്ടു; ഞായറാഴ്ച പുനഃസ്ഥാപിക്കും

kwa water pipe
വെബ് ഡെസ്ക്

Published on Nov 20, 2026, 05:56 PM | 1 min read

തിരുവനന്തപുരം: കരകുളത്ത് പ്രധാന പൈപ്പ് ലൈനിലുണ്ടായ തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ശുദ്ധജലവിതരണം നവംബർ 22 ഞായറാഴ്ച രാത്രിയോടെ മാത്രമേ പൂർണതോതിൽ പുനഃസ്ഥാപിക്കാനാകൂവെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിൽനിന്ന് ജലമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ കെൽട്രോൺ ജങ്ഷന് സമീപം കൂട്ടപ്പാറയിൽ കെആർഎഫ്ബിയുടെ റോഡ് നിർമാണത്തിനിടെയാണ് തകരാറിലായത്.


കെആർഎഫ്ബിയുടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കിയശേഷമേ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. നിലവിൽ സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ ആറോടെ മാത്രമേ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ ആരംഭിക്കാനാകൂ.


കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, അമ്പലത്തറ, ശ്രീകണ്ഠേശ്വരം എന്നീ വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.


ഈ പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രിയോടെ മാത്രമേ പൂർണതോതിൽ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാനാകൂ. അതുവരെ വാൽവുകൾ ക്രമീകരിച്ച് ഭാഗികമായി വെള്ളം വിതരണം ചെയ്യും. കഴിഞ്ഞ ദിവസവും വാൽവുകൾ ക്രമീകരിച്ച് ജലവിതരണം നടത്തിയിരുന്നു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916ൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home