അധിനിവേശ മത്സ്യങ്ങളുടെ സാന്നിധ്യം: വേമ്പനാട്ടുകായലിൽ മത്സ്യസമ്പത്ത് കുറയുന്നു


ഫെബിൻ ജോഷി
Published on Nov 20, 2026, 05:59 PM | 1 min read
ആലപ്പുഴ : വേമ്പനാട്ടു കായലിൽ മത്സ്യയിനങ്ങൾ ഒന്നൊന്നായി കുറയുന്നതായും അധിനിവേശമത്സ്യ സാന്നിധ്യം വർധിക്കുന്നതായും പഠന റിപ്പോർട്ട്. മുന്നൂറോളം ഇനം മത്സ്യങ്ങളുണ്ടായിരുന്നത് 78 ആയി കുറഞ്ഞതായാണ് കണ്ടെത്തൽ. ഫിഷറീസ്‌വകുപ്പ്, സന്നദ്ധസംഘടനയായ എ-ട്രീ എന്നിവയുടെ പഠനങ്ങളിലും വാർഷിക കണക്കെടുപ്പിലുമാണ് കണ്ടെത്തൽ. അതേസമയം, തനതുമത്സ്യങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ആഹാരമാക്കുന്ന സക്കർ മൗത്ത് ക്യാറ്റ്ഫിഷ്, റെഡ്ബെല്ലി, പാക്കു, പേൾ ഗൗരാമി തുടങ്ങിയ വിദേശയിനം മത്സ്യങ്ങൾ കായലിൽ പെരുകിയതായും പഠനത്തിൽ പറയുന്നു.
1970-–80-ൽ 300 വരെ മത്സ്യയിനങ്ങൾ വേമ്പനാട്ട് കായലിലുണ്ടായിരുന്നു. 2026ൽ 68 ഇനം മത്സ്യങ്ങളും 10 ഇനം കക്കയും മാത്രമാണ് കണ്ടെത്തിയത്. ആറ്റുകൊഞ്ചിൽ ഒന്നിനെ പോലും കണ്ടെത്താനായില്ല. മുമ്പ് സുലഭമായിരുന്ന ആറ്റുകൊഞ്ച്, കരിമീൻ, പൂമീൻ, കണമ്പ്, നാരൻ ചെമ്മീൻ എന്നിവ കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് കായലിലെ ഉപ്പുവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കും മത്സ്യ പ്രജനനത്തിനുള്ള കുടിയേറ്റപാതയും തടഞ്ഞതും മത്സ്യസമ്പത്തിൽ വലിയ മാറ്റമുണ്ടാക്കി. വൻതോതിൽ എക്കലും മാലിന്യവും അടിഞ്ഞും കൈയേറ്റത്താലും കായലിന്റെ ആഴവും ജലസംഭരണ ശേഷിയും കുറഞ്ഞതും മത്സ്യശോഷണത്തിന് ഇടയാക്കി.
പായലുകളുടെ അമിതവളർച്ച, പുരവഞ്ചികൾ വഴിയുള്ള മലിനീകരണം, കുട്ടനാടൻ മേഖലയിലെ അമിത രാസവളപ്രയോഗം എന്നിവ ആവാസവ്യവസ്ഥയ്‌ക്ക് വെല്ലുവിളിയായി. അസമയത്തുള്ള കനത്ത മഴയും വെള്ളപ്പൊക്കവും കായലിലെ ലവണാംശത്തിൽ വൻ വ്യതിയാനം സംഭവിച്ചതും തിരിച്ചടിയായി. 63 ഇനം ചിറക് മത്സ്യങ്ങളും 10 ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പിൽ രേഖപ്പെടുത്തി. തോട് മത്സ്യങ്ങളുടെ ലഭ്യത മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലായി രേഖപ്പെടുത്തി. കായലിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യവും പ്ലാസ്‌റ്റിക് മാലിന്യങ്ങളുടെ ആധിക്യവും പല സ്ഥലങ്ങളിലും കണ്ടെത്തി.








0 comments