പടക്കം പൊട്ടിച്ചോളൂ, പക്ഷേ...


ഡോ. അബേഷ് രഘുവരൻ
Published on Nov 20, 2026, 06:05 PM | 3 min read
പടക്കംപൊട്ടിക്കുന്നതുമൂലം ലെഡ്, മഗ്നീഷ്യം, സിങ്ക്, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, കോപ്പർ, കാഡ്മിയം, ഫോസ്ഫറസ്, സൾഫർ, നൈട്രൈറ്റ്സ് തുടങ്ങിയ മൂലകങ്ങളാണ് പ്രധാനമായും അന്തരീക്ഷത്തെ മലീമസമാക്കുന്നത്. ലെഡ് ചൂടാകുമ്പോൾ പുറപ്പെടുവിക്കുന്ന വിഷമയമായ പുക തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. കുട്ടികൾക്ക് വളർച്ചമുരടിപ്പും ലേണിങ് ഡിസെബിലിറ്റികളും ഉണ്ടാകാൻ സാധ്യതയുണ്ട്. മഗ്നീഷ്യം കലർന്ന വായു ശ്വസിക്കുന്നതുമൂലം പേശീവേദന ലക്ഷണമായ മെറ്റൽ ഫ്യൂം പനിക്കും കാരണമാകാം
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ടൺകണക്കിന് പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന്റെ പിറ്റേന്ന് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ വായുനിലവാരസൂചിക ‘400’ ആണ്. അതായത് അന്തരീക്ഷമലിനീകരണം വളരെ കൂടുതൽ (Severe) എന്നർഥം. ഈ ദശാബ്ദത്തിലെ ഏറ്റവും മോശം വായുവാണ് അവിടെയുള്ള ജനങ്ങൾ ശ്വസിച്ചത്. ഈയവസരത്തിൽ നാം രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒന്ന്, എന്താണ് വായുനിലവാരസൂചിക. രണ്ട്, പടക്കങ്ങളുടെ ശാസ്ത്രം.
എയർ ക്വാളിറ്റി ഇൻഡക്സ്
വായുമലിനീകരണം എയർ ക്വാളിറ്റി ഇൻഡക്സ് (AQI) എന്ന അളവിലാണ് പറയാറുള്ളത്. വായുവിന്റെ ഗുണമേന്മയെന്നോ മലിനീകരണത്തിന്റെ അളവെന്നോ ഇതിനെ സൂചിപ്പിക്കാം. വായുമലിനീകരണത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വാതകങ്ങളുടെ സാന്നിധ്യം എത്രമാത്രമാണ് എന്നത് അടിസ്ഥാനമാക്കിയാണ് AQI നിർണയിക്കുന്നത്.
എക്യുഐ സ്കെയിൽ
വായുവിന്റെ ഗുണമേന്മയായ എയർ ക്വാളിറ്റി ഇൻഡക്സ് 0-–50 വരെയുള്ള ആദ്യത്തെ സ്കെയിൽ, ശേഷം 51-–100, 101-–150, 151-–200, 201-–300, 301-–500 എന്നിങ്ങനെയുള്ള ആറ് സ്കെയിലിലാണ് അളക്കുന്നത്. 50 വരെയുള്ള സ്കെയിലിലാണ് ഉൾപ്പെടുന്നതെങ്കിൽ നല്ലതെന്നും (Good) 50-–100 വരെ ആണെങ്കിൽ മോഡറേറ്റ് എന്നും 101-–150 ആണെങ്കിൽ സെൻസിറ്റിവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യപരവും 151-–200, 201–-300, 301–-500 യഥാക്രമം അനാരോഗ്യകരം, കൂടുതൽ അനാരോഗ്യകരം, അപകടകരം എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. ഓരോ സ്കെയിലും ഓരോ നിറത്തിലും രേഖപ്പെടുത്താറുണ്ട്. 0-–50 വരെയുള്ളത് പച്ച നിറത്തിലും പിന്നീടുള്ള അഞ്ചെണ്ണം യഥാക്രമം മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ, മെറൂൺ നിറങ്ങളിലും അടയാളപ്പെടുത്തും.
കാരണക്കാർ അഞ്ചെണ്ണം
AQI കണ്ടുപിടിക്കാൻ പ്രധാനമായും അഞ്ചു ഘടകങ്ങളെയാണ് അളക്കുന്നത്. ഭൂനിരപ്പിലുള്ള ഓസോൺ, പാർട്ടിക്കുലേറ്റ് മാറ്റർ (ഇത് രണ്ടുതരമുണ്ട്– വ്യാസം 2.5 മൈക്രോമീറ്ററിനു താഴെയുള്ളതും 10 മൈക്രോമീറ്ററിനു താഴെയുള്ളതും), കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവ. എന്നാൽ അതിനൊപ്പം ലെഡ്, അമോണിയ, ബെൻസോപൈറിൻ, ബെൻസീൻ, ആർസനിക്, നിക്കൽ എന്നിവയും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
പൊട്ടുന്നത്
ഒരു പടക്കംപൊട്ടുമ്പോൾ അവിടെ ഒന്നിലേറെ രാസപ്രവർത്തനങ്ങളാണ് ഒരേസമയം നടക്കുന്നത്. ആ രാസപ്രവർത്തനങ്ങൾക്ക് തുടക്കമിടാനായി ചെറിയ ചൂട് ആവശ്യമാണ്. നാം തീകൊളുത്തുമ്പോൾ ആ ചൂടാണ് നൽകുന്നത്. പ്രധാനമായും പൊട്ടുന്ന പടക്കങ്ങളിൽ രണ്ടുതരം പൗഡറുകളാണ് അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് പൗഡറും ഫ്ലാഷ് പൗഡറും. ബ്ലാക്ക് പൗഡറിൽ പൊട്ടാഷ്യം നൈട്രേറ്റ്, ചാർക്കോൾ, സൾഫർ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഫ്ലാഷ് പൗഡറിലാകട്ടെ പൊട്ടാഷ്യം പെർക്ലോറേറ്റും അലുമിനിയം പൗഡറും അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ അതിന് തീപിടിപ്പിക്കുന്നതിനായി പേപ്പറോ പരുത്തിയോ ഉപയോഗിച്ചുള്ള ഒരു ‘ഫ്യൂസ്’കൂടി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരു പേപ്പർക്കൂടിലോ കാർഡ്ബോർഡിലോ പ്ലാസ്റ്റിക്കിലോ ആയിരിക്കും വച്ചിരിക്കുന്നത്. അതിന് കേസിങ് (Casing) എന്നു പറയുന്നു.
നിറങ്ങൾ ഉണ്ടാകുന്നത്
ആകാശത്ത് വർണവിസ്-മയം തീർക്കുന്ന പടക്കങ്ങൾ പലതരം നിറങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ. അവയിൽ അടങ്ങിയിരിക്കുന്ന ലോഹ സാൾട്ടുകൾ (Metal Salts) ചൂടാകുമ്പോൾ വിവിധ തരംഗദൈർഘ്യത്തിൽ വെളിച്ചം പുറപ്പെടുവിക്കുമ്പോഴാണ് പലതരം നിറങ്ങൾ ഉണ്ടാകുന്നത്. ചൂടാകുമ്പോൾ അതത് ലോഹത്തിലെ ആറ്റങ്ങളെ എക്സൈറ്റ് ചെയ്യിക്കുന്നു. അങ്ങനെ എക്സൈറ്റ് ചെയ്ത ആറ്റങ്ങൾ വീണ്ടും ഗ്രൗണ്ട് അവസ്ഥയിലേക്ക് തിരിച്ചുപോകുമ്പോൾ ഊർജം ദൃശ്യപ്രകാശമായി പുറത്തുവിടുന്നു. അതാണ് വിവിധ നിറങ്ങളായി നാം കാണുന്നത്. ഓരോ നിറങ്ങളും ഓരോരോ ലോഹങ്ങളുടെ സ്വഭാവമനുസരിച്ചാണ് പ്രകടമാകുന്നത്. ഉദാഹരണത്തിന്, ചുവപ്പുനിറത്തിലെ വെളിച്ചം നൽകുന്നത് സ്ട്രോൺഷ്യം സംയുക്തങ്ങളാണ്. അതുപോലെ പച്ചനിറം ബേരിയം സംയുക്തങ്ങളും. മഞ്ഞനിറം നൽകുന്നത് സോഡിയം സംയുക്തങ്ങളും നീലനിറം നൽകുന്നത് കോപ്പർ സംയുക്തങ്ങളും ഓറഞ്ചുനിറം നൽകുന്നത് കാൽസ്യം സംയുക്തങ്ങളും വെളുത്തനിറം നൽകുന്നത് അലുമിനിയം മഗ്നീഷ്യം, ടൈറ്റാനിയം എന്നിവയുമാണ്.
ഫിസിക്സ്
കെമിക്കൽ സംയുക്തങ്ങൾ നിറച്ചതാണ് പടക്കമെങ്കിലും അവയുടെ പ്രവർത്തനത്തിൽ കുറച്ച് ഫിസിക്സുമുണ്ട്. പടക്കത്തിനുള്ളിൽ നിറച്ചുവച്ചിരിക്കുന്ന കെമിക്കൽ ഊർജം അത് പൊട്ടുന്നതോടെ താപോർജമായും ശബ്-ദോർജമായും പ്രകാശോർജമായും ഗതികോർജമായും മാറുന്നു. ഫിസിക്സിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജസംരക്ഷണനിയമം അനുസരിച്ച് പടക്കംപൊട്ടുന്നതിനുമുമ്പുള്ള കെമിക്കൽ ഊർജം അത് പൊട്ടിയതിനുശേഷമുള്ള ഊർജത്തിനും അതിനൊപ്പം ഉണ്ടാകുന്ന പ്രകാശം, താപം, ശബ്ദം, ചലനം എന്നിവ ചേർന്നതിനു തുല്യവുമായിരിക്കും.
കാണാനൊക്കെ കൊള്ളാം
കാണാൻ ഭംഗിയാണെങ്കിലും പടക്കംപൊട്ടിക്കുന്നതുമൂലം അന്തരീക്ഷം വലിയ നിലയിൽ മലിനമാകുന്നുണ്ട്. പടക്കംപൊട്ടിക്കുന്നതുമൂലം ലെഡ്, മഗ്നീഷ്യം, സിങ്ക്, മാംഗനീസ്, സോഡിയം, പൊട്ടാഷ്യം, കോപ്പർ, കാഡ്മിയം, ഫോസ്ഫറസ്, സൾഫർ, നൈട്രൈറ്റ്സ് തുടങ്ങിയ മൂലകങ്ങളാണ് പ്രധാനമായും അന്തരീക്ഷത്തെ മലീമസമാക്കുന്നത്. ലെഡ് ചൂടാകുമ്പോൾ പുറപ്പെടുവിക്കുന്ന വിഷമയമായ പുക തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. കുട്ടികൾക്ക് വളർച്ചമുരടിപ്പും ലേണിങ് ഡിസെബിലിറ്റികളും ഉണ്ടാകാൻ സാധ്യതയുണ്ട്. മഗ്നീഷ്യം കലർന്ന വായു ശ്വസിക്കുന്നതുമൂലം പേശീവേദന ലക്ഷണമായ മെറ്റൽ ഫ്യൂം പനിക്കും കാരണമാകാം. സിങ്ക് സ്വതന്ത്രമായി നിൽക്കുമ്പോൾ മാരകമല്ലെങ്കിലും കത്തിക്കുമ്പോൾ അത് വിഷമയമായ പുകയാണ് പുറത്തുവിടുന്നത്. മാംഗനീസ് പൊടി ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും സോഡിയം, പൊട്ടാഷ്യം എന്നിവ ആസ്ത്മയ്ക്കും കാരണമാകാം. കാഡ്മിയം, ഫോസ്ഫറസ്, സൾഫർ, നൈട്രൈറ്റ്സ് എന്നിവയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.








0 comments