പച്ചക്കറിക്കൃഷിക്ക് ഒരുങ്ങാം

കെ ജേക്കബ് ആദിച്ചനല്ലർ
Published on Nov 20, 2026, 06:10 PM | 1 min read
ശീതകാല പച്ചക്കറിക്കൃഷിക്കുള്ള സമയമാണ്. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി എന്നിവ ഇപ്പോൾ കൃഷി ചെയ്യാം. കാബേജ്, കോളിഫ്ളവർ എന്നിവ സമതലപ്രദേശങ്ങളിൽ പറമ്പിലും തൊടികളിലും നട്ടുവളർത്താം. വീടിന്റെ ടെറസ്സിലും ഗ്രോബാഗിലും വളർത്തിയെടുക്കാവുന്നതുമാണ്. തുറസ്സായ നന്നായി സൂര്യപ്രകാശം കിട്ടുന്ന ഇടമായിരിക്കണം.
വിത്ത് നിലത്തുപാകി കിളിർപ്പിച്ച് നേരിട്ടോ ഗ്രോബാഗിലോ ഇളക്കിനടാം. നേരിട്ട് നടുമ്പോൾ നിലംനന്നായി ഒരുക്കി അടിവളമായി മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്ത് കാബേജ് 45 സെ.മീറ്ററും കോളിഫ്ളവർ 60 സെ.മീറ്ററും അകലംക്രമീകരിച്ചും നടാം.
കോളിഫ്ളവർ പൂത്തുവരുമ്പോൾ പൂവിനോടുചേർന്നുള്ള ഇലകൾകൊണ്ട് പൊതിഞ്ഞു നിറുത്തിയാൽ പൂവിന്റെ സ്വാഭാവികനിറം നിലനിറുത്താനും നേരിട്ട്സൂര്യപ്രകാശം ഏൽക്കുന്നത് തടയാനുമാകും. ഇവയുടെയെല്ലാം വിത്ത്, തൈകൾ സർക്കാർ ഫാമുകൾ, കൃഷിഭവനുകൾ സ്വകാര്യനഴ്സറികൾ എന്നിവിടങ്ങളിൽ ലഭിക്കും.
കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് അഥവാ മുള്ളങ്കി എന്നിവ വിത്ത് നേരിട്ട് പാകികിളിർപ്പിച്ച് വളർത്തേണ്ടവയാണ്. നന്നായി നീർവാർച്ചയുള്ളതും മണൽ കലർന്നതുമായ മണ്ണ് കൃഷിക്ക് അനുയോജ്യം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പാകത്തിന് നനയും ആവശ്യമാണ്. രണ്ടാഴ്ച കഴിയുമ്പോഴേക്കും നല്ലതൈകൾ നിലനിർത്തി മറ്റുള്ളവ ഇളക്കിമാറ്റുക. കാരറ്റിന് ആറാഴ്‌ച ആകുന്നതോടെ മണ്ണ് കയറ്റിക്കൊടുക്കുന്നതോടൊപ്പം വളവും നൽകാം.








0 comments