Deshabhimani

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

AIR INDIA.
വെബ് ഡെസ്ക്

Published on Nov 20, 2026, 06:23 PM | 1 min read

ന്യൂഡൽഹി: സൗദി അറേബ്യയിലെ ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. നവംബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകളും ഉണ്ടാകില്ല. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും തീരുമാനം ബാധകമാണ്. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. നേരത്തേ നവംബർ 21 വരെ നിർത്തിവച്ചിരുന്ന സർവീസുകളാണ് 24 വരെ നീട്ടിയത്.


റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ നവംബർ 30 വരെ നിർത്തിവച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനക്കമ്പനി അറിയിച്ചു.


റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി അധിക നിരക്കില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ സൗകര്യമുണ്ട്. സൗദിയിലെ സർവീസ് നടത്തുന്ന മറ്റ് വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാമാർഗങ്ങളും ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ബഹ്റൈനിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാമാർഗങ്ങളും പരിഗണിക്കാം.


വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാർ സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനി നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് പുനഃക്രമീകരിക്കുന്നതിനും എയർ ഇന്ത്യയുടെ +91 11 69329333, +91 11 69329999 നമ്പറുകളിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ +91 124 6935600 നമ്പറിലും ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home