മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനും പൂട്ടിട്ട് സര്‍ക്കാര്‍

സ്വന്തം ലേഖിക
Published on Nov 20, 2026, 05:24 PM | 1 min read
കൊല്ലം: മത്സ്യത്തൊഴിലാളികളെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള കടാശ്വാസ കമീഷൻ ഓഫീസിനും പൂട്ടിട്ടു സർക്കാർ. കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മേഖലയിലെ 1,09,343 കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയ കമീഷന്റെ പ്രവർത്തനമാണ് ബദൽ സംവിധാനം പോലും ഏർപ്പെടുത്താതെ നിർത്തലാക്കിയത്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ച 2009 മുതൽ 2026 മാർച്ച് 31 വരെ ലഭിച്ച 1,32,739 അപേക്ഷകളിൽ 73,950 ഗുണഭോക്താക്കളെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കിയ കമീഷന്റെ പ്രവർത്തനമാണ് ഇല്ലാതാക്കിയത്. വായ്‌പ തിരിച്ചടക്കാനാകാതെ കടക്കെണിയിൽപ്പെട്ട തൊഴിലാളികളെ അതിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണിത്.
ഇതനുസരിച്ച് ധനസ്ഥാപനങ്ങൾ പലിശയുടെ 75ശതമാനവും പിഴപ്പലിശയും ഒഴിവാക്കി നൽകിയാണ് ആശ്വാസം പകർന്നത്. സർക്കാരിൽ നിന്നും നേരിട്ട് ഹഡ്‌കോ ഭവന വായ്‌പ, എൻസിഡിസി വായ്‌പ എന്നിവ ഉൾപ്പെടെ 322.604 കോടി രൂപയാണ് ഇതുവരെ കടാശ്വാസമായി അനുവദിച്ചത്. 210 പേർക്ക് 98,48,212 രൂപ അനുവദിക്കുന്നതിന് സർക്കാരിന് ശിപാർശ സമർപ്പിക്കുകയും ചെയ്തിരുന്നു.
തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘങ്ങൾ മുഖേന നൽകിയ എൻസിഡിസി വായ്‌പ, ഹഡ്കോ ഭവന വായ്‌പ, എൻബിസിഎഫ്ഡിസി, എൻഎംഡിഎഫ്സി എന്നിവിടങ്ങളിൽ നിന്ന് മത്സ്യഫെഡ് മുഖേന ലഭ്യമാക്കിയ വായ്‌പകൾ, സംഘങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകിയ വായ്‌പകൾ, സഹകരണ ബാങ്കുകൾ, ദേശസാൽകൃത- ബാങ്കുകൾ, പൊതുമേഖലാ ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും എടുത്ത വായ്‌പകളിലാണ് കമ്മീഷൻ ഇളവ് അനുവദിച്ചത്.
തിരിച്ചടവിന് നിർവ്വാഹമില്ലാതെ ജപ്തി നടപടികളിലേക്ക് കടന്ന കേസുകൾ, വായ്‌പയെടുത്ത തൊഴിലാളി മരിച്ച സാഹചര്യം, മാരക രോഗങ്ങൾ കാരണം വായ്‌പ തിരിച്ചടക്കാൻ കഴിവില്ലാതായവർ എന്നിവരെയും പരിഗണിക്കുന്നതിനായി കമ്മീഷൻ ആക്‌ട് ഭേദഗതിയും ചെയ്തിരുന്നു എൽഡിഎഫ് സർക്കാർ. ഇത്തരം കേസുകൾ പരിഗണിക്കാനായി 2025 ഏപ്രിൽ മുതൽ 2026 മാർച്ചു വരെ കമ്മീഷൻ 10 അദാലത്തുകളും 11 കമ്മീഷൻ മീറ്റിങ്ങുകളും നടത്തിയിരുന്നു.








0 comments