'ലാഫിംഗ് ഗ്യാസ്' ശ്വസിച്ച് 220 കി.മീ വേഗതയിൽ കാറോടിച്ച് അപകടം; 19കാരി മരിച്ച കേസിൽ യുവാവിന് തടവുശിക്ഷ

ലണ്ടൻ: ലഹരിക്കായി ലാഫിങ് ഗ്യാസ് ശ്വസിച്ചശേഷം അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവിന് ബ്രിട്ടനിൽ 11 വർഷവും ഒൻപത് മാസവും തടവ്. അപകടത്തിൽ കാറിലുണ്ടായിരുന്ന 19കാരിയായ സുഹൃത്ത് കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലൂസിയാനോ സ്പിരിറ്റോ (25) എന്ന യുവാവിനെയാണ് മെയ്ഡ്സ്റ്റോൺ ക്രൗൺ കോടതി ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലെ കെന്റിലുണ്ടായ അപകടത്തിലാണ് ഡാർസി തോംസെറ്റ് എന്ന യുവതി മരിച്ചത്.
2023 ഫെബ്രുവരി 11ന് രാത്രി പെട്രോൾ പമ്പിൽവച്ച് ലൂസിയാനോ ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ശ്വസിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ബലൂണിൽ നിറച്ച വാതകം ശ്വസിച്ചശേഷം ചുവന്ന ഫോക്സ്‌വാഗൺ പോളോ ജിടിഐ കാറിന്റെ പിൻസീറ്റിൽനിന്ന് ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് മിനിറ്റുകൾക്കുശേഷമാണ് അപകടമുണ്ടായത്.
കെന്റിലെ ഫാർനിങ്ഹാമിന് സമീപമുള്ള എ20 ഗോർസ് ഹിൽ റോഡിൽ എതിർദിശയിൽനിന്ന് വന്ന മെഴ്സിഡസ് സ്പ്രിന്റർ വാഹനവുമായി ലൂസിയാനോയുടെ കാർ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ ഏകദേശം 220 കിലോമീറ്റർ വേഗത്തിലാണ് ഇയാൾ കാറോടിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാറിലുണ്ടായിരുന്ന ഡാർസി തോംസെറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. ഇവരിൽ 18കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്തു.
അപകടത്തിനുശേഷം നൈട്രസ് ഓക്സൈഡ് നിറച്ച കാനിസ്റ്ററുകൾ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കാൻ ലൂസിയാനോ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. അപകടകരമായി വാഹനമോടിച്ച് മരണത്തിനും ഗുരുതര പരിക്കിനും കാരണമായത്, ഇൻഷുറൻസില്ലാതെ വാഹനമോടിച്ച് മരണത്തിനിടയാക്കിയത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കോടതിയിൽ സമ്മതിച്ചു.
നവംബർ 18നാണ് മെയ്ഡ്സ്റ്റോൺ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കുപുറമെ ജയിൽമോചിതനായശേഷം എട്ടുവർഷത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേർപ്പെടുത്തി. വീണ്ടും ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ പ്രത്യേക ഡ്രൈവിങ് പരീക്ഷയും വിജയിക്കണം.
മകളുടെ മരണം കുടുംബത്തിന്റെ ജീവിതം തകർത്തതായി ഡാർസിയുടെ അമ്മ ട്രേസി ഫോയ് കോടതിയിൽ പറഞ്ഞു. മകളെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും അവസാനിക്കില്ലെന്നും അവർ വ്യക്തമാക്കി. ലൂസിയാനോയുടെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് യുവതിയുടെ ജീവനെടുത്തതെന്നും അപകടത്തിൽ കൂടുതൽ പേർ കൊല്ലപ്പെടാമായിരുന്നുവെന്നും കെന്റ് പൊലീസ് ഡിറ്റക്ടീവ് കോൺസ്റ്റബിൾ കെയ്‌ലി ആർച്ചർ പറഞ്ഞു.
ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രസ് ഓക്സൈഡ് സാധാരണയായി ലാഫിങ് ഗ്യാസ് എന്നാണ് അറിയപ്പെടുന്നത്. ഇത് ശ്വസിക്കുന്നത് തലകറക്കത്തിനും പ്രതികരണശേഷി കുറയുന്നതിനും കാരണമാകാം. വാഹനമോടിക്കുന്നതിനിടെ ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കും.








0 comments