മഞ്ചേരിയില്‍ കൃത്രിമ അവയവ നിർമാണ കേന്ദ്രം വൈകുന്നു

മഞ്ചേരി(മലപ്പുറം): മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിന്റെ നിർമാണം അധികൃതരുടെ അനാസ്ഥമൂലം അനന്തമായി നീളുന്നു. പുതിയ കെട്ടിടവും ആധുനിക ഉപകരണങ്ങളും സജ്ജമാക്കി കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കാനുള്ള പദ്ധതി ഇഴയുന്നത് നിർധനരായ രോഗികൾക്ക് ദുരിതമാകുന്നു. നിർമാണം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും കേന്ദ്രം പ്രവർത്തനസജ്ജമായിട്ടില്ല.
കോളേജ് അക്കാദമിക് ബ്ലോക്കിനുസമീപം ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് യൂണിറ്റ് ഒരുക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 50 ലക്ഷം രൂപയും വൈദ്യുതീകരണത്തിനും ഫർണിച്ചറിനുമായി 25 ലക്ഷം രൂപയും മുൻകൂറായി മരാമത്ത് വിഭാഗത്തിന് അനുവദിച്ചു. 25 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികളും അനുബന്ധ ഉപകരണങ്ങളും ആശുപത്രിയിൽ 2025ൽതന്നെ എത്തിക്കുകയും ചെയ്തു. എന്നിട്ടും നിർമാണം പൂർത്തിയാക്കുന്നതിൽ അധികൃതർക്ക് താൽപ്പര്യമില്ലാത്തതാണ് പ്രവർത്തനം വൈകാൻ കാരണം. സീലിങ്, പെയിന്റിങ് ജോലികളും മാത്രമാണ് പൂർത്തിയാക്കാനുള്ളത്.
നിലവിൽ ആശുപത്രിയിലെ ഇടുങ്ങിയ മുറിയിലാണ് ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 250ൽപരം പേർക്ക് കൈകാലുകൾ ഉൾപ്പെടെയുള്ള കൃത്രിമ അവയവങ്ങൾ നിർമിച്ചുനൽകിയിട്ടുണ്ട്. പ്രോസ്തെറ്റിസ്റ്റ്, ഓർത്തോട്ടിസ്റ്റ് വിഭാഗങ്ങളിലായി ജീവനക്കാരേയും നിയമിച്ചു. സൗകര്യക്കുറവുമൂലം കൂടുതൽ പേർക്ക് സേവനം നൽകാനാകുന്നില്ല. മോഡുലാർ പ്രോസ്തസിസ് സാങ്കേതികവിദ്യയിൽ ഭാരം കുറഞ്ഞ കൃത്രിമക്കാലുകൾ നിർമിക്കുന്ന കേന്ദ്രത്തിൽ ബിപിഎൽ കുടുംബങ്ങൾക്കും കുട്ടികൾക്കും സർക്കാർ ചികിത്സാ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും സൗജന്യ സേവനം ലഭ്യമാണ്.
വിപണിയിൽ ഒരുലക്ഷം രൂപയോളം വിലവരുന്ന കൃത്രിമക്കാലുകൾ സൗജന്യമായും കുറഞ്ഞ നിരക്കിലും നൽകുന്നുണ്ട്. നിർമാണം വൈകുന്നത് അപകടങ്ങളിലൂടെയും ജന്മനാലുമുള്ള ശാരീരിക പരിമിതികൾ നേരിടുന്ന നിർധനരായ രോഗികളുടെ പ്രതീക്ഷകളെയാണ് തകർക്കുന്നത്. അടിയന്തരമായി നിർമാണം പൂർത്തിയാക്കി കേന്ദ്രം പ്രവർത്തനസജ്ജമാക്കണമെന്നാണ് ആവശ്യം.








0 comments