Deshabhimani

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 5 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 55 സീറ്റുകൾ നേടി സിപിഐ എം

rajasthan cpim
വെബ് ഡെസ്ക്

Published on Nov 20, 2026, 05:09 PM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ചെങ്കൊടി പാറിച്ച്‌ സിപിഐ എം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ എം 55 സീറ്റുകൾ നേടി. 37 ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അഞ്ച് ജില്ലാ പഞ്ചായത്ത് പരിഷത്ത് സീറ്റിലും 50 ജില്ലാ സമിതി സീറ്റിലും സിപിഐ എം സ്ഥാനാർഥികൾ വിജയിച്ചു.


ഹനുമാൻഗഢ് ജില്ലാ പരിഷത്തിൽ നാല് സീറ്റുകളും ചുരു ജില്ലാ പരിഷത്തിൽ ഒരു സീറ്റാണ് സിപിഐ എം ജയിച്ചത്. സിപിഐ എം സ്ഥാനാർഥി സുമൻ ഹനുമാൻഗഢ് ജില്ലാ പരിഷത്തിലെ 13-ാം വാർഡിൽ 4,522 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 11-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി മഞ്ജു ദേവി 3,230 വോട്ടിനും 31-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി റാണി 2,089 വോട്ടിനും 15-ാം വാർഡിൽ സിപിഐ എം സ്ഥാനാർഥി സുനിത 1582 വോട്ടിനും ജയിച്ചു. ചുരു ജില്ലാ പരിഷത്തിലെ വാർഡ് 36ൽ സിപിഐ എം സ്ഥാനാർഥി സുമൻ ദേവി 758 വോട്ടിന് ജയിച്ചു.


1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ പ്രകാരം 3400 പഞ്ചായത്ത് സമിതി സീറ്റുകളിൽ കോൺഗ്രസും 2031 സീറ്റുകളിൽ ബിജെപിയും ജയിച്ചു. ജില്ലാ പരിഷത്ത് സീറ്റുകളിൽ കോൺഗ്രസ് 284 ഇടത്തും ബിജെപി 164 ഇടത്തും ജയിച്ചു.


ഒക്ടോബർ 22, 28, നവംബർ 3, 14 തീയതികളിലായി നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലുള്ള ഭരണസമിതികളുടെ അഞ്ച് വർഷത്തെ കാലാവധി ഡിസംബറിൽ അവസാനിക്കും. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പ് നവംബർ 25നും, ഉപ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പ് നവംബർ 26നും നടക്കും. പഞ്ചായത്ത് സമിതി പ്രധാൻ തെരഞ്ഞെടുപ്പ് നവംബർ 27നും, ഉപ പ്രധാൻ തെരഞ്ഞെടുപ്പ് നവംബർ 28നും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home