മിഥുൻ മൻഹാസിനെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി മിഥുൻ മൻഹാസിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് മുൻ ഡൽഹി ക്രിക്കറ്റ് താരം മിഥുൻ മൻഹാസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുൻ.
റോജർ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ദീർഘകാലം കളിച്ച പരിചയവുമായാണ് മിഥുൻ മൻഹാസ് എത്തുന്നത്. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി 9,714 റൺസ് നേടി. 27 സെഞ്ചുറികളും 49 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, പുണെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളുടെ ഭാഗമായി.
70 വയസ് തികയുന്ന സാഹചര്യത്തിലാണ് റോജർ ബിന്നി സ്ഥാനമൊഴിഞ്ഞത്. 2022-ൽ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്. പിന്നാലെ ഇടക്കാല പ്രസിഡന്റായി രാജീവ് ശുക്ലയെ നിയമിച്ചിരുന്നു.









0 comments