സൂപ്പർ സ്‌റ്റാർ(ക്)

ന്യൂഡൽഹി : കളിയിൽ നേടിയത് ഒരു വിക്കറ്റാണെങ്കിലും ഡൽഹി ക്യാപിറ്റൽസ് പേസ് ബൗളർ മിച്ചെൽ സ്‌റ്റാർക് ‘മാൻ ഓഫ് ദി മാച്ചാ’യി. ഈ സീസൺ ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവറിന് വഴിയൊരുക്കിയ ഓസ്‌ട്രേലിയക്കാരൻ വിജയത്തിലേക്ക് പന്തെറിയുകയുംചെയ്‌തു. രാജസ്ഥാൻ റോയൽസിനെ കീഴടക്കിയത് സ്‌റ്റാർകിന്റെ മിടുക്കിലാണ്. സ്‌റ്റാർക് എറിഞ്ഞ സൂപ്പർഓവറിൽ രാജസ്ഥാന് നേടാനായത് 11 റൺ. ഡൽഹി നാല് പന്തിൽ ലക്ഷ്യം നേടി. ഇരുടീമുകളുടെയും സ്‌കോർ 188 റണ്ണായതാണ് സൂപ്പർ ഓവറിന് വഴിയൊരുക്കിയത്.
അവസാന ഓവറിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കെ രാജസ്ഥാന് ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. സ്‌റ്റാർകിന്റെ മൂർച്ചയുള്ള പന്തുകൾ ക്രീസിലുണ്ടായിരുന്ന ധ്രുവ് ജുറെലിനെയും ഷിംറോൺ ഹെറ്റ്‌മയറിനെയും വിറപ്പിച്ചു. അവസാന പന്തിൽ രണ്ട് റൺ വേണമെന്നിരിക്കെ ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ നേടിയത് 15 റൺ. തുടർന്നായിരുന്നു സൂപ്പർ ഓവറിൽ സ്‌റ്റാർകിന്റെ സ്‌റ്റാർ പ്രകടനം.
ഈ സീസണിൽ 11.75 കോടി രൂപയ്‌ക്കാണ് ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ റെക്കോഡ് തുകയ്‌ക്ക് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു. 24.75 കോടിയായിരുന്നു വില. ഇത്തവണ മെഗാ ലേലത്തിലെ അടിസ്ഥാനവില രണ്ട് കോടിയായിരുന്നു. മുംബൈ ഇന്ത്യൻസും കൊൽക്കത്തയും തുടക്കത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് തുക ഉയർത്തി. പിന്നീട് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും പങ്കാളിയായി. എന്നാൽ ഡൽഹി പിടിമുറുക്കി.
ഇത്തവണ ആറ് കളിയിൽ പത്ത് വിക്കറ്റുണ്ട്. കഴിഞ്ഞ സീസണിൽ 17 വിക്കറ്റാണ് സമ്പാദ്യം. ഐപിഎൽ നാല് സീസണിലായി 47 കളിയിൽ 61 വിക്കറ്റുണ്ട്









0 comments