ടി20 ലോകകപ്പിൽ ഇന്ത്യയെ രക്ഷിച്ചത് സൗത്ത് ആഫ്രിക്കയുടെ മണ്ടത്തരമെന്ന് മൈക്കൽ വോൺ

ലണ്ടൻ: 2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ രംഗത്ത്. ടൂർണമെന്റിലെ “ഏറ്റവും മണ്ടൻ ടീം” സൗത്ത് ആഫ്രിക്ക ആണെന്നാണ് വോണിന്റെ വിമർശനം. ഇന്ത്യ കിരീടം നേടാൻ കാരണമായത് ദക്ഷിണാഫ്രിക്കയുടെ തന്ത്രപരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു.
'സ്റ്റിക് ടു ക്രിക്കറ്റ്' പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വോണിന്റെ പ്രതികരണം. സൂപ്പർ എട്ട് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിനോട് മനപ്പൂർവം തോറ്റിരുന്നെങ്കിൽ ഇന്ത്യൻ ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാനാകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശക്തമായ ടീമുകളെ ആദ്യ ഘട്ടങ്ങളിലേ പുറത്താക്കുന്നതാണ് കിരീടത്തിലേക്കുള്ള എളുപ്പവഴിയെന്നും, എന്നാൽ ദക്ഷിണാഫ്രിക്ക ആ അവസരം നഷ്ടപ്പെടുത്തിയെന്നും വോൺ പറഞ്ഞു.
സൂപ്പർ എട്ട് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതോടെ ഇന്ത്യയ്ക്ക് പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ പിന്നീട് ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് പ്രവേശിക്കാൻ വഴി തെളിഞ്ഞു. തുടർന്ന് സിംബാബ്‌വെ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
മറുവശത്ത് ടൂർണമെന്റിൽ പരാജയം അറിയാതെ സെമിഫൈനലിലെത്തിയ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമിനോട് തോറ്റാണ് പുറത്തായത്. വോണിന്റെ അധിക്ഷേപ പരാമർശം ക്രിക്കറ്റ് ലോകത്ത് വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.









0 comments