print edition ഏകദിനം 5000

ഏകദിന ക്രിക്കറ്റിന്റെ 5000 മത്സരത്തിൽ കാനഡയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സ്കോട്ലൻഡ് താരങ്ങൾ
ദുബായ്: അരനൂറ്റാണ്ട് പിന്നിടുന്ന ഏകദിന ക്രിക്കറ്റിൽ ചരിത്രനിമിഷം.
കഴിഞ്ഞ ദിവസം സ്‌കോട്‌ലൻഡും കാനഡയും തമ്മിലുള്ള മത്സരത്തോടെ പുരുഷൻമാരുടെ ഏകദിന ക്രിക്കറ്റ് അയ്യായിരം തൊട്ടു. 55 വർഷം, 5000 മത്സരം.
1971ലായിരുന്നു പുരുഷ ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ. 1995ൽ അടുത്ത നാഴികക്കല്ല്. ആയിരാമത് മത്സരം. ഇക്കുറി വെസ്‌റ്റിൻഡീസ് x ഇംഗ്ലണ്ട്. 2003ൽ 2000ലെത്തി. പാകിസ്ഥാനും സിംബാബ്‌വെയും തമ്മിലായിരുന്നു കളി.
മൂവായിരം തികച്ചത് 2010ൽ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടി. 2018ൽ നാലായിരം മത്സരം പൂർത്തിയായി. പാകിസ്ഥാനും ഹോങ്കോങ്ങും തമ്മിലായിരുന്നു മത്സരം. 1971ലെ ആദ്യ കളിയിൽനിന്ന് 24 വർഷമെടുത്തു ആയിരത്തിലെത്താൻ. തുടർന്നുള്ള ഓരോ ആയിരം മത്സരത്തിനും വേണ്ടിവന്നത് 7–8 വർഷങ്ങൾ മാത്രം.
ഇതുവരെയായി 5000 കളിയിൽ ആകെ 3145 കളിക്കാരാണ് ഇറങ്ങിയത്. 21,54225 റൺ പിറന്നു. 71652 വിക്കറ്റുകൾ. ഉയർന്ന സ്‌കോർ ഇന്ത്യൻ താരം രോഹിത് ശർമയുടെ പേരിലാണ്–264. 2014ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇൗ പ്രകടനം. ലങ്കയുടെ മുൻ പേസർ ചാമിന്ദ വാസിന്റെ പേരിലാണ് മികച്ച ബൗളിങ് പ്രകടനം. സിംബാബ്‌വെയ്‌ക്കെതിരെ 19 റൺ വഴങ്ങി എട്ട് വിക്കറ്റാണ് നേടിയത്.
ഏകദിന ക്രിക്കറ്റിന്റെ ഓരോ വളർച്ചയിലും ബാറ്റർമാരാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സിക്‌സറുകളുടെ എണ്ണം 1971 മുതൽ 1995വരെ 2729 ആയിരുന്നു. 2018 മുതൽ 2026യുള്ള കാലഘട്ടത്തിൽ അത് 9297 എണ്ണമായി ഉയർന്നു. ആയിരത്തിന് മുകളിൽ റണ്ണും നാൽപ്പതിന് മുകളിൽ ബാറ്റിങ് ശരാശരിയുമുള്ള 14 കളിക്കാരാണ് 1971–95 കാലഘട്ടത്തിലുണ്ടായിരുന്നത്. അവസാന ആയിരം മത്സരത്തിൽ എണ്ണം 56 ആയി ഉയർന്നു. ബാറ്റിങ് പ്രഹരശേഷിയിലും മാറ്റമുണ്ടായി.
ആദ്യ ആയിരം മത്സരത്തിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോർ 213 ആയിരുന്നെങ്കിൽ അവസാന ആയിരത്തിൽ അത് 250 ആയി. മുന്നൂറിന് മുകളിലുള്ള സ്‌കോർ 31 എണ്ണം മാത്രമായിരുന്നു 1971 മുതൽ 95വരെ. 2018 മുതൽ 2026 മാത്രം 321ആണ് മുന്നൂറിന് മുകളിലുള്ള സ്‌കോറുകൾ. 2018വരെ ഒരു ടീമും 400 റണ്ണടിച്ചിരുന്നില്ല. ശേഷം 13 തവണ 400 കടന്നു. 1971 മുതൽ 95വരെ ഒറ്റത്തവണ മാത്രമാണ് മുന്നൂറിന് മുകളിലുള്ള സ്‌കോർ മറികടന്ന് ജയിച്ചത്. 2018–26ൽ ഇത് 48 എണ്ണമായി.
അതേസമയം, ബൗളിങ് നിരയിൽ നേരെ തിരിച്ചാണ്. ഓവറിൽ റൺ വഴങ്ങുന്നത് 4.1 എന്നത് 5.2 ഉയർന്നു. ബൗളിങ് ശരാശരിയിലും മാറ്റമുണ്ടായി.
ബാറ്റർമാരിൽ 1971–95 കാലഘട്ടത്തിൽ വെസ്‌റ്റിൻഡീസിന്റെ ഡെസ്‌മെണ്ട് ഹെയ്‌ൻസ് ആണ് ടോപ് സ്‌കോറർ–8648 റൺ. 1995–03ൽ സച്ചിൻ ടെൻഡുൽക്കർ (9149 റൺ).
2003–10ൽ റിക്കി പോണ്ടിങ് (6954), 2010–18ൽ വിരാട് കോഹ്‌ലി (8534), 2018–26ൽ ഷായ് ഹോപ് (5391). ബൗളർമാരിൽ 1995–2003ൽ പന്തെറിഞ്ഞ മുത്തയ്യ മുരളീധരനാണ് മുന്നിൽ –300 വിക്കറ്റ്.
ഏറ്റവും കൂടുതൽ മത്സരം കളിച്ചത് ഇന്ത്യയാണ് –1081. ഇതിൽ 575 ജയം. 452 തോൽവി. ഏറ്റവും കൂടുതൽ ജയം ഓസ്‌ട്രേലിയക്കാണ് –619. വേദിയായതും ഓസ്‌ട്രേലിയയാണ് –647.










0 comments