ad
Deshabhimani

അടി, വെടിക്കെട്ട്, പൂരം; വണ്ടർ കിഡിന് നീലക്കുപ്പായത്തിൽ മാസ് എൻട്രി; തകർത്തത് 37 വർഷത്തെ റെക്കോഡ്

സച്ചിന്റെ റെക്കോഡ് പഴങ്കഥയാകും; ഇന്ത്യൻ ടീമിൽ  എത്തുന്ന താരം ആര്?

വൈഭവ് സൂര്യവംശി (Photo Courtesy NDTV Sports)

വെബ് ഡെസ്ക്

Published on Jun 06, 2026, 04:59 PM | 2 min read

അടി, കൂറ്റനടി.. അതിൽ കുറഞ്ഞതൊന്നും വൈഭവ് സൂര്യവംശി പുറത്തെടുക്കാറില്ല. എതിരെ വരുന്ന ഏത് പന്തിനെ നിലംതൊടാതെ പറപ്പിക്കുന്ന ഇന്ത്യയുടെ 'വണ്ടർ കിഡ്' ഇനി നീലക്കുപ്പായത്തിൽ കളത്തിലിറങ്ങും. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡാണ് ഈ ബിഹാറുകാരൻ തന്റെ പേരിലെഴുതിയത്.


വെറും 15 വർഷവും 71 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ദേശീയ ടീമിലെത്തുന്നത്. ഇതിഹാസം സച്ചിൻ ടെൻഡുക്കർ 37 വർഷം മുൻപ് സ്ഥാപിച്ച റെക്കോഡ് ഇതോടെ മായ്ക്കപ്പെട്ടു. 1989 നവംബർ 15ന് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യൻ ടീമിലെത്തുന്നത്.





പ്രായത്തെ വെല്ലുന്ന ബാറ്റിങ് മികവിൽ മുൻനിര താരങ്ങളെ പോലും അമ്പരിപ്പിച്ചിട്ടുണ്ട് വൈഭവ്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലും താരം തന്റെ മികവ് ആവർത്തിച്ചു. ഐപിഎല്ലിൽ അരങ്ങേറി രണ്ടാംസീസണിൽതന്നെ വൈഭവ്‌ സൂര്യവംശി റണ്ണടിക്കാരിൽ മുന്നേറി. സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 16 കളിയിൽ 776 റണ്ണാണ്‌ നേടിയത്‌. 72 സിക്‌സറും 63 ഫോറും അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും നാല്‌ അർധസെഞ്ചുറികളുമാണ്‌ പതിനഞ്ചുകാരൻ സീസണിൽ നേടിയത്‌. രണ്ട്‌ തവണ 90കളിലാണ്‌ പുറത്തായത്‌. കൂടുതൽ റണ്ണടിക്കുന്നവർക്കുള്ള ഓറഞ്ച് തൊപ്പി നേടുന്ന പ്രായം കുറഞ്ഞ താരമാണ്.





പതിമൂന്നാം വയസിലാണ്‌ വൈഭവിനെ രാജസ്ഥാൻ ലേലത്തിൽ സ്വന്തമാക്കുന്നത്‌. 14 വയസിൽ അരങ്ങേറി. ആ സീസണിൽ 35 പന്തിൽ സെഞ്ചുറിയുമായി ഞെട്ടിച്ചു. അതിവേഗ സെഞ്ചുറിയിൽ രണ്ടാമതായി.


വായ്പയെടുത്ത പണവുമായി, മകന്റെ സ്വപ്നത്തിന് പിന്നാലെ..


ബിഹാറിലെ ചെറു ഗ്രാമമായ സമസ്‌തിപുരിൽനിന്നുള്ള യാത്ര വൈഭവിനെ ഇന്ത്യൻ ക്രിക്കറ്റിലെ വിശാലമായ ക്രീസിലേക്കാണ്‌ എത്തിച്ചിരിക്കുന്നത്‌. തൊടുത്ത ഓരോ സിക്‌സറുകളും പ്രതീക്ഷയുടെ ആകാശംതൊട്ടു. സമസ്‌തിപുരിൽനിന്ന്‌ 90 കിലോ മീറ്റർ യാത്ര ചെയ്‌താണ്‌ വൈഭവ്‌ പറ്റ്‌നയിലെ പരിശീലന കേന്ദ്രത്തിലെത്തിയിരുന്നത്‌.


വായ്‌പയെടുത്ത പണവുമായി മകനെ ക്രിക്കറ്റ്‌ താരമാക്കാൻ ഇറങ്ങിത്തിരിച്ച സഞ്‌ജീവ്‌ സ‍ൂര്യവംശിയുടെ യാത്ര കൂടെയായിരുന്നു അത്‌. അന്നത്തെ എട്ട്‌ വയസുകാരനെതിരെ വേഗത്തിൽ പന്തെറിയുന്നത്‌ വിലക്കിയ പരിശീലകൻ മനീഷ് ഓജ ആറ്‌ മാസത്തിനുശേഷം കണ്ടത്‌ എറിഞ്ഞു തളർന്ന ബ‍ൗളർമാരെയായിരുന്നു. 500 പന്ത്‌വരെ നേരിടുമായിരുന്നു വൈഭവ്‌. സിക്‌സറുകൾ പറക്കുന്നത്‌ ഒരിക്കലും 80–85 മീറ്ററിൽ താഴെവന്നില്ല. ഹരാരെരയിൽ അതിവേഗത്തിൽ കുതിച്ച ഇംഗ്ലീഷ്‌ ബ‍ൗളർമാരെ ഇരട്ടിവേഗത്തിൽ അതിർത്തി കടത്തുമ്പോൾ വൈഭവ്‌ അതിന്‌ അടിവരയിട്ടു.


ഹരാരെയിൽ ഒരുക്കിയ പൂരം


അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇതുവരെ കാണാത്ത കാഴ്‌ചകളായിരുന്നു വൈഭവിന്റെ ബാറ്റിൽ പുറത്തുവന്നത്‌. ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ ഇന്ത്യയുടെ ക‍ൗമാര സൂര്യൻ കത്തിജ്വലിച്ചു. കിരീടപ്പോരിൽ ഇംഗ്ലണ്ടിനെ 100 റണ്ണിന്‌ തകർത്ത്‌ ഇന്ത്യ ആറാമതും മുത്തമിട്ടപ്പോൾ പതിനാലുകാരന്റെ പേര്‌ ചരിത്രത്തിലേക്ക്‌ എഴുതപ്പെട്ടു. 15 സിക്‌സർ, 15 ഫോർ. 80 പന്തിൽ നേടിയത്‌ 175 റൺ.


ഇംഗ്ലണ്ടിനെതിരെ ഓപ്പണിങ്‌ പങ്കാളി ആരോൺ ജോർജിനെ (9) പെട്ടെന്ന്‌ നഷ്ടമായിട്ടും വൈഭവ്‌ പരുങ്ങിയില്ല. തുടക്കത്തിൽ അൽപ്പം ക്ഷമ കാണിച്ചു. പിന്നീട്‌ കണ്ടത്‌ ബ‍ൗണ്ടറികളുടെ മാലപ്പടക്കം. 55 പന്തിലാണ്‌ സെഞ്ചുറി പൂർത്തിയാക്കിയത്‌. മൂന്നക്കം കടന്നതോടെ ഇംഗ്ലീഷ്‌ ബ‍ൗളർമാരെ നിലംതൊടീച്ചില്ല. ഫൈനലിൽ നേടിയ 175 റൺ ക്രിക്കറ്റിൽ ഏതൊരു തലത്തിലെയും റെക്കോഡാണ്‌. സീനിയർ ക്രിക്കറ്റിൽപ്പോലും ഒരു ഐസിസി ഫൈനലിൽ ഇത്രയും ഉയർന്ന സ്‌കോർ ഒരു ബാറ്ററും നേടിയിട്ടില്ല. 2022ലെ വനിതാ ഏകദിന ക്രിക്കറ്റ്‌ ഫൈനലിൽ ഓസ്‌ട്രേലിയക്കാരി അലീസ ഹീലി നേടിയ 170 റണ്ണാണ്‌ തിരുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home