ad
Deshabhimani

print edition മധുരം മന്ദാന

mandana

ഹോങ്കോങ്ങിനെതിരെ 
സ്മൃതി മന്ദാന സി-ക്-സർ നേടുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 01:30 AM | 2 min read

ദുബായ്‌ : വനിതാ ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച റണ്ണടിക്കാരിയായി ഇന്ത്യൻ വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന. രാജ്യാന്തര ക്രിക്കറ്റിൽ 10,880 റണ്ണടിച്ചു. ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ മിതാലി രാജിനെയാണ്‌(10,868) മറികടന്നത്‌. ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരെ സെഞ്ചുറിയുമായി കളംവിട്ട ഓപ്പണർ 64 പന്തിൽ 124 റണ്ണടിച്ചു. 14 ഫോറും ഏഴ്‌ സിക്‌സറും നിറഞ്ഞ തകർപ്പൻ ഇന്നിങ്സ്‌. കൂടുതൽ സെഞ്ചുറി നേടുന്ന (18) വനിതാ താരമെന്ന ബഹുമതിയും മുപ്പതുകാരിക്ക്‌ സ്വന്തം. കളിയിൽ 137 റൺ ജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു.


ട്വന്റി20യിൽ രണ്ടാം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്‌. ഉയർന്ന സ്‌കോറിന്റെ റെക്കോഡും കരസ്ഥമാക്കി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റെടുത്ത ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 193 റണ്ണടിച്ചപ്പോൾ മന്ദാനയുടെ അടുത്തെത്താൻ മറ്റ്‌ ബാറ്റർമാർക്കായില്ല. ഷഫാലി വർമക്കൊപ്പം (28) മികച്ച തുടക്കമാണ്‌ നൽകിയത്‌. എട്ട്‌ ഓവറിൽ 74 റണ്ണെടുത്താണ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഒരറ്റത്ത്‌ വിക്കറ്റ്‌ വീണപ്പോൾ മന്ദാനയുടെ റണ്ണടിയെ ബാധിച്ചതേയില്ല. മറീന ലാമ്പ്‌ലഗ്ഗിന്റെ ഓവറിൽ 22 റൺ പിറന്നു. 40 പന്തിൽ സിക്‌സറടിച്ചാണ്‌ മന്ദാന 36–ാം അർധസെഞ്ചുറി നേടിയത്‌. പ്രതികാ റാവൽ (10) ഒരിക്കൽകൂടി പരാജയപ്പെട്ടു. റിച്ചാഘോഷും(11) ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ ക‍ൗറും (10) തിളങ്ങിയില്ല.


മറിയം ബീബിയുടെ ഓവറിൽ 17 റണ്ണിച്ച്‌ മന്ദാന കുതിച്ചു. 57 പന്തിൽ ഫോറടിച്ച്‌ രണ്ടാം സെഞ്ചുറി കണ്ടെത്തി. കഴിഞ്ഞവർഷം ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ സെഞ്ചുറി. ഹർമൻപ്രീതിന്‌ ഒരു സെഞ്ചുറിയാണുള്ളത്‌. ഇന്ത്യൻ ഇന്നിങ്സ്‌ അവസാനിക്കാൻ മൂന്ന്‌ പന്ത്‌ ശേഷിക്കെയാണ്‌ മന്ദാന പുറത്തായത്‌. ഭാരതി ഫുൽമാലിയുമായുള്ള ഓട്ടത്തിനിടെ റണ്ണ‍ൗട്ടാകുകയായിരുന്നു. ഫുൽമാലിയും(2) ദീപ്‌തി ശർമയും (1) പുറത്താകാതെനിന്നു.


മറുപടിക്കെത്തിയ ഹോങ്കോങ് 16.2 ഓവറിൽ 56 റണ്ണിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സ്-പിന്നർ ദീപ്തി ശർമ റെക്കോഡിട്ടു. ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി. 174 വിക്കറ്റാണ് ആകെ. സെമിയിലെത്തിയ ഇന്ത്യ എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാളെ പാകിസ്ഥാനെ നേരിടും. പാകിസ്ഥാൻ ആദ്യ കളിയിൽ തായ്‌ലൻഡിനെ തോൽപ്പിച്ചിരുന്നു. രണ്ട്‌ ഗ്രൂപ്പിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലെത്തും. 10നും 11നും സെമിയാണ്‌. ഫൈനൽ 13ന്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home