ബാറ്ററെന്ന രീതിയിൽ മുൻ ക്യാപ്റ്റനിൽനിന്ന് വലിയ സംഭാവനകൾ ഉണ്ടാകില്ലെന്ന് ചെന്നെെ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്
‘ധോണിയിൽ അധികം പ്രതീക്ഷിക്കരുത്’ ; പത്തോവർ ഓടിക്കളിക്കാനുള്ള ശാരീരികക്ഷമത ധോണിക്കില്ല

ചെന്നൈ : മുൻവർഷങ്ങളിലെപ്പോലെ ബാറ്ററെന്ന രീതിയിൽ മഹേന്ദ്ര സിങ് ധോണിയിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കരുതെന്ന് ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസുമായുള്ള തോൽവിക്കുശേഷമായിരുന്നു ഫ്‌ളെമിങ്ങിന്റെ പ്രതികരണം. മത്സരത്തിൽ ധോണി ഇറങ്ങുന്ന ഘട്ടത്തിൽ 25 പന്തിൽ 54 റണ്ണായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. എന്നാൽ ജയം നേടാനായില്ല. ആറ് റണ്ണിന് തോറ്റു.
സീസണിൽ കളിച്ച മൂന്ന് കളിയിലും വാലറ്റത്താണ് നാൽപ്പത്തിമൂന്നുകാരൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഇതിൽ ആരാധകർ അസ്വസ്ഥരുമായിരുന്നു.
രാജസ്ഥാനെതിരെ പന്ത്രണ്ടാം ഓവറിലാണ് ചെന്നൈക്ക് നാലാം വിക്കറ്റ് നഷ്ടമായത്. ഈഘട്ടത്തിൽ മുൻ ക്യാപ്‌റ്റൻ ഇറങ്ങിയില്ല. പകരം രവീന്ദ്ര ജഡേജയാണ് എത്തിയത്. രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 13–-ാം ഓവറിൽ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ജഡേജയും ആർ അശ്വിനുമാണ് തുടർന്നെത്തിയത്. ധോണി ഇറങ്ങിയത് ഒമ്പതാം നമ്പറിൽ.
‘ധോണി പഴയപോലെയല്ല. പത്തോവർ ഓടിക്കളിച്ച് ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. ശരീരത്തിനും കാൽമുട്ടിനുമെല്ലാം കാലത്തിനനുസരിച്ച് മാറ്റംവന്നിട്ടുണ്ട്. മത്സരം മുറുകുന്ന ഘട്ടത്തിൽ അൽപ്പം നേരത്തെ ഇറങ്ങും. അല്ലാത്ത സാഹചര്യത്തിൽ മറ്റ് കളിക്കാർക്ക് പിന്തുണയും അവസരവുമൊരുക്കും. ധോണി ഇപ്പോഴും ടീമിന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്. നായക മികവും വിക്കറ്റ് കീപ്പിങ് കഴിവും മുതൽക്കൂട്ടാണ്–- ഫ്‌ളെമിങ് വ്യക്തമാക്കി.









0 comments