ഹാർദിക് പാണ്ഡ്യക്ക് അഞ്ച് വിക്കറ്റ് , വിഘ്നേഷിന് ഒരു വിക്കറ്റ്
പിടിച്ചെടുത്ത് ലഖ്നൗ ; മുംബെെ ഇന്ത്യൻസിനെ 12 റണ്ണിന് തോൽപ്പിച്ചു

മുംബൈ : അവസാന ഓവറുകളിൽ കണിശതയുള്ള പന്തുകളുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർമാർ കളംവാണപ്പോൾ മുംബെെ ഇന്ത്യൻസിന് തോൽവി. ഐപിഎൽ ക്രിക്കറ്റിൽ 12 റണ്ണിനാണ് ലഖ്നൗവിന്റെ ജയം. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺ വേണമായിരുന്നു മുംബെെക്ക്. എന്നാൽ നേടാനായത് ഒമ്പത് റൺ മാത്രം. അഞ്ച് വിക്കറ്റ് കെെയിലുണ്ടായിട്ടും ലക്ഷ്യത്തിൽ എത്താനായില്ല. ശാർദുൽ ഠാക്കൂർ എറിഞ്ഞ 19–ാം ഓവറിൽ ഏഴ് റൺ മാത്രമേ നേടാനായുള്ളു.
സ്‌കോർ: ലഖ്‌നൗ 203/8 മുംബൈ 191/5
ആദ്യം ബാറ്റ് ചെയ്--ത ലഖ്നൗവിനായി മിച്ചെൽ മാർഷും എയ്‌ദൻ മാർക്രവും തകർത്തടിച്ചപ്പോൾ കൂറ്റൻ സ്‌കോർ പിറന്നു. മാർഷിന്റെ വെടിക്കെട്ടോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. 31 പന്തിൽ 60 റണ്ണായിരുന്നു ഓസ്‌ട്രേലിയക്കാരൻ അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സറും ഒമ്പത് ഫോറുമായിരുന്നു ഇന്നിങ്‌സിൽ. മാർക്രവുമായി ചേർന്ന് ആദ്യ വിക്കറ്റിൽ 76 റൺ കൂട്ടിച്ചേർത്തു. പേസർമാർ അടികൊണ്ട് വശംകെട്ടപ്പോൾ ഹാർദിക് മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ പന്തേൽപ്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തിലും മാർഷിനെ റണ്ണെടുക്കാൻ അനുവദിച്ചില്ല. അടുത്ത പന്തിൽ സിക്‌സർ പറത്തി. അവസാന പന്തിൽ വിഘ്‌നേഷ് മുംബൈക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു. മാർഷിനെ സ്വന്തം ബൗളിങ്ങിൽ പിടിച്ചുപുറത്താക്കുകയായിരുന്നു.
മാർഷ് മടങ്ങിയശേഷം മാർക്രം ആക്രമണച്ചുമതല ഏറ്റെടുത്തു. 38 പന്തിൽ 53 റൺ. ഇതിനിടെ ഹാർദിക് അപകടകാരിയായ നിക്കോളാസ് പുരാനെ (6 പന്തിൽ 12) മടക്കിയിരുന്നു. ലഖ്‌നൗ ക്യാപ്‌റ്റൻ ഋഷഭ് പന്ത് (6 പന്തിൽ 2) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മാർക്രത്തിനെയും മടക്കി ഹാർദിക് മുംബൈക്ക് മുൻതൂക്കം നൽകി. നാല് സിക്‌സറും രണ്ട് ഫോറുമായിരുന്നു ദക്ഷിണാഫ്രിക്കക്കാരൻ പറത്തിയത്. ഹാർദിക് അഞ്ച് വിക്കറ്റെടുത്തു. ട്വന്റി20യിൽ ആദ്യം. നാലോവറിൽ 36 റൺ വഴങ്ങിയായിരുന്നു നേട്ടം.
മറുപടി ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും (43 പന്തിൽ 67) നമാൻ ധിറുമാണ് (24 പന്തിൽ 46) മുംബെെക്കായി തിളങ്ങിയത്. ഹാർദിക് 16 പന്തിൽ 28 റണ്ണുമായി പുറത്തായില്ല. തിലക് വർമ (23 പന്തിൽ 25) നിരാശപ്പെടുത്തി. റിട്ടേഡ് ഔട്ടായി മടങ്ങുകയായിരുന്നു.









0 comments