ലഖ്‌നൗ സൂപ്പർ ; ഗുജറാത്തിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

ലഖ്‌നൗ
ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ആറ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചു. 31 പന്തിൽ 58 റണ്ണെടുത്ത ഓപ്പണർ എയ്‌ദൻ മാർക്രമാണ് കളിയിലെ താരം. ഒമ്പത് ഫോറും ഒരു സിക്‌സറും നിറഞ്ഞതായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഇന്നിങ്സ്.
സ്‌കോർ: ഗുജറാത്ത് 180/6, ലഖ്‌നൗ 186/6(19.3).
ലക്ഷ്യത്തിലേക്ക് വമ്പനടികളുമായാണ് ലഖ്‌നൗ കുതിച്ചത്. മിച്ചൽ മാർഷിന്റെ അഭാവത്തിൽ മാർക്രത്തിനൊപ്പം ക്യാപ്‌റ്റൻ ഋഷഭ് പന്ത് ഓപ്പണറായെത്തി. ആറ് ഓവറിൽ 60 റൺ കടന്നതോടെ കളിയുടെ പോക്ക് മനസ്സിലായി. ഋഷഭ് 21 റണ്ണുമായി പുറത്തായി. നാലാം അർധസെഞ്ചുറി നേടിയ നിക്കോളാസ് പുരാൻ മാർക്രത്തിനൊപ്പം ചേർന്നതോടെ റണ്ണൊഴുകി. 34 പന്തിൽ 61 റണ്ണെടുത്ത വെസ്‌റ്റിൻഡീസ് ബാറ്റർ ഏഴ് സിക്‌സറും ഒരു ഫോറും അടിച്ചു. ആറ് കളിയിൽ 349 റണ്ണുമായി ഒന്നാമതാണ്. വിജയം ഉറപ്പാക്കി പുരാൻ മടങ്ങിയപ്പോൾ 28 റണ്ണുമായി ആയുഷ് ബദനി ലക്ഷ്യം പൂർത്തിയാക്കി. അതിനിടെ ഡേവിഡ് മില്ലർ ഏഴ് റണ്ണുമായി നിരാശപ്പെടുത്തി. ഗുജറാത്തിനായി പ്രസിദ്ധ്‌കൃഷ്‌ണ രണ്ട് വിക്കറ്റ് നേടി.
ആദ്യം ബാറ്റെടുത്ത ഗുജറാത്ത് കൂറ്റൻ സ്‌കോർ കടക്കുമെന്ന് തോന്നിച്ചതാണ്. ഓപ്പണർമാരായ സായ്‌സുദർശനും ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും അർധസെഞ്ചുറികളുമായി തിളങ്ങി. 12 ഓവറിൽ ഇരുവരും ചേർന്ന് 120 റണ്ണടിച്ചു. എന്നാൽ അടുത്ത എട്ട് ഓവറിൽ 60 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് വീണു. ഗിൽ 38 പന്തിൽ 60 റണ്ണെടുത്തപ്പോൾ അതിൽ ആറ് ഫോറും ഒരു സിക്‌സറും ഉൾപ്പെട്ടു. സായ് സുദർശൻ 37 പന്തിൽ 56 റൺ നേടിയതിൽ ഏഴ് ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ജോസ് ബട്‌ലർ (16), വാഷിങ്ടൺ സുന്ദർ (2), ഷെർഫാനെ റൂതർഫോർഡ് (22) എന്നിവർക്ക് വലിയ സ്‌കോർ സാധ്യമായില്ല.









0 comments