ad
Deshabhimani

2.1 ഓവറിൽ ഏഴ്‌ റൺ 
വഴങ്ങി നാല്‌ വിക്കറ്റ്‌

കണക്കുതീർത്ത്‌ കുൽദീപ്‌ ; ‘മാൻ ഓഫ്‌ ദി മാച്ച്‌’ 
പുരസ്‌കാരവുമായി 
തിരിച്ചുവരവ്‌

kuldip yadav
avatar
Sports Desk

Published on Sep 12, 2025, 12:39 AM | 2 min read


ദുബായ്‌

ആറ്‌ മാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കുൽദീപ്‌ യാദവ്‌ ഒരു രാജ്യാന്തര മത്സരത്തിന്‌ ഇറങ്ങുന്നത്‌. ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ യുഎഇയ്‌ക്കെതിരെ കളിക്കുമ്പോൾ ഇ‍ൗവർഷത്തെ ആദ്യ ട്വന്റി 20യായിരുന്നു ഇന്ത്യൻ സ്‌പിന്നർക്ക്‌. പരിക്കും ഒ-ഴിവാക്കലുകളും തളർത്തിയ ഒരുഘട്ടത്തിനുശേഷമായിരുന്നു മടങ്ങിവരവ്‌. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി ഉശിരൻ പ്രകടനത്തോടെയായി തുടക്കം. ഞായറാഴ്‌ച പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാന ആയുധമായി മുപ്പതുകാരൻ മാറുകയാണ്‌.


ഏഷ്യാ കപ്പിൽ യുഎഇയെ തകർത്തെറിഞ്ഞത്‌ ഇടംകൈയൻ സ്‌പിന്നറുടെ ബ‍ൗളിങ്‌ പ്രകടനമായിരുന്നു. 2.1 ഓവറിൽ ഏഴ്‌ റൺ മാത്രം വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഏഷ്യാ കപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബ‍ൗളിങ്‌ പ്രകടനമാണിത്‌. നാല്‌ റണ്ണിന്‌ അഞ്ച്‌ വിക്കറ്റെടുത്ത ഇന്ത്യയുടെ മുൻ പേസർ ഭുവനേശ്വർ കുമാറിന്റെ പേരിലാണ്‌ റെക്കോഡ്‌.

ഇന്ത്യക്കെതിരെ ഭേദപ്പെട്ട തുടക്കമായിരുന്നു യുഎഇയ്‌ക്ക്‌. ആറോവർ കഴിയുമ്പോൾ രണ്ടിന്‌ 41 റണ്ണെന്ന നിലയിലായിരുന്നു. ഏഴാം ഓവറിലാണ്‌ കുൽദീപ്‌ പന്തെടുക്കുന്നത്‌. ആ ഓവറിൽ നാല്‌ റൺ, വിക്കറ്റൊന്നുമില്ല. അടുത്ത ഓവറിലെ ആദ്യ പന്തിൽ രാഹുൽ ചോപ്രയെ ശുഭ്‌മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. നാലാം പന്തിൽ മുഹമ്മദ്‌ വസീമിനെ വിക്കറ്റിന്‌ മുന്നിൽ കുരുക്കി. അവസാന പന്തിൽ ഹർഷിത്‌ ക‍ൗശിക്കിന്റെ വിക്കറ്റും പിഴുതു. യുഎഇ അഞ്ചിന്‌ 50ലേക്ക്‌ തകർന്നു.


അഞ്ചോവറിന്റെ ഇടവേളയ്‌ക്കുശേഷമുള്ള ആദ്യ പന്തിൽ ഹൈദർ അലിയെ സഞ്‌ജു സാംസന്റെ കൈയിലെത്തിച്ച്‌ യുഎഇ ഇന്നിങ്‌സ്‌ അവസാനിപ്പിച്ചാണ്‌ കുൽദീപ്‌ മടങ്ങിയത്‌. യുഎഇ സ്‌കോർ 13.1 ഓവറിൽ 57 റൺ. ഇന്ത്യൻ ഓപ്പണർമാർക്ക്‌ ഇതൊരു ലക്ഷ്യമേ ആയില്ല.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു കുൽദീപ്‌ അവസാനമായി ട്വന്റി 20യിൽ കളിച്ചത്‌. ലോകകപ്പ്‌ ഫൈനലായിരുന്നു വേദി. പിന്നാലെ പരിക്ക്‌. ശേഷം ചാമ്പ്യൻസ്‌ ട്രോഫി ഏകദിന ടൂർണമെന്റിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയായി. ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. പക്ഷേ, ഇംഗ്ലണ്ട്‌ ടെസ്‌റ്റ്‌ പര്യടനത്തിൽ ഒറ്റ കളിയിൽ പോലും ഇടംകിട്ടിയില്ല. ഇ‍ൗ ഒഴിവാക്കൽ വ്യക്തിപരമായി ബാധിച്ചു. അഞ്ച്‌ ടെസ്‌റ്റിലും കരയ്‌ക്കിരുന്ന മുപ്പതുകാരൻ പക്ഷേ, നിയന്ത്രണം വിട്ടില്ല.


‘ആ സമയം കടുത്തതായിരുന്നു. വെറുതെയിരുന്നില്ല. ടീമിന്റെ ശാരീരികക്ഷമതാ കോച്ച്‌ അഡ്രിയാൻ ലെ റൂക്‌സുമായി ചേർന്ന്‌ പരിശീലനം നടത്തി. ഇ‍ൗ രാത്രി എല്ലാത്തിനും -ഫലംകിട്ടി– മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരം വാങ്ങിയശേഷം കുൽദീപിന്റെ പ്രതികരണം ഇതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home