ad
Deshabhimani

ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ദുബായിലേക്ക് കുടിയേറി കെഎസ് ഭരത്; യുഎഇയിൽ പുതിയ കരിയർ തേടുന്നു

KS Bharath

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 20, 2026, 03:35 PM | 2 min read

ദുബായ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിന് പിന്നാലെ യുഎയിലേക്ക് താമസം മാറി. യുഎഇയിലെ ക്രിക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങൾ തേടിയാണ് മുപ്പത്തിരണ്ടുകാരനായ ഭരത് ദുബായിലേക്ക് മാറിയത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഭരത്, യുഎഇയിൽ ക്രിക്കറ്റ് സാധ്യതകൾ വിലയിരുത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ.


പ്രധാന താരങ്ങൾ തങ്ങളുടെ കരിയറിന്റെ മികച്ച സമയത്ത് വിരമിച്ച് ഇന്ത്യക്ക് പുറത്തുള്ള ക്രിക്കറ്റ് സാധ്യതകൾ തേടുന്നത് തടയാൻ ബിസിസിഐ അഞ്ച് വർഷത്തെ കടുത്ത വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരതിന്റെ ഈ നീക്കം.


എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ 'ടീം സ്റ്റാലിയൻസ്' എന്ന ടീമിൽ ഭരത് ഇതിനകം തന്നെ ചേർന്നു കഴിഞ്ഞു എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.


ആന്ധ്രാപ്രദേശ് സ്വദേശിയായ ഈ ക്രിക്കറ്റ് താരം ദുബായിലേക്ക് മാറിയതായും അവിടെ ലഭ്യമായ വിവിധ അവസരങ്ങൾ പരിശോധിച്ചു വരികയാണെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ഒഫീഷ്യൽ സ്ഥിരീകരിച്ചിട്ടുണ്ട്.


കഴിഞ്ഞ ജൂൺ 4-നാണ് ഭരത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. യുഎഇയിലെ പ്രമുഖ ഫ്രാഞ്ചൈസി ലീഗായ ഇന്റർനാഷണൽ ലീഗ് ട്വന്റി 20-യിൽ (ILT20) കളിക്കുന്നതിനുള്ള സാധ്യതകളും ഭരത് വിലയിരുത്തുന്നുണ്ടെന്നാണ് സൂചന.


ഇന്ത്യൻ കരിയറും ഐപിഎല്ലും


2023 ഫെബ്രുവരിയിൽ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിലായിരുന്നു ഭരതിന്റെ ടെസ്റ്റ് അരങ്ങേറ്റം. തുടർന്ന് ഓസ്‌ട്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും താരം കളിച്ചു.


ഇന്ത്യക്കായി ഏഴ് ടെസ്റ്റുകൾ കളിച്ച ഭരത് ഒടുവിലായി കളിച്ചത് 2024-ന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഹോം പരമ്പരയിലായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും ധ്രുവ് ജുറലിന് വിക്കറ്റ് കീപ്പിംഗ് ചുമതലകൾ നൽകുകയുമായിരുന്നു.


ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമായിരുന്ന ഭരത്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. 2021 ഐപിഎൽ സീസണിൽ ആർസിബിക്കായി എട്ട് മത്സരങ്ങളിൽ നിന്ന് 191 റൺസ് താരം നേടിയിരുന്നു.


2022 ൽ ഡൽഹി ക്യാപിറ്റൽസിനായി രണ്ട് മത്സരങ്ങളിലും താരം പാഡണിഞ്ഞു. ദുബായിലേക്ക് മാറിയതോടെ, യുഎഇയിലെ വളർന്നുവരുന്ന ക്രിക്കറ്റ് മേഖലയിൽ പ്രൊഫഷണൽ അവസരങ്ങൾ തേടുന്ന മുൻ അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിലേക്ക് കെഎസ് ഭരതും ഇടംപിടിച്ചിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home