ad
Deshabhimani

വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുനാൽ, ദേഷ്യപ്പെട്ട് ഹാർദിക്; വൈറലായി പാണ്ഡ്യ ബ്രദേഴ്സിന്റെ വീഡിയോ

krunal

Photo Credit|Social Media

വെബ് ഡെസ്ക്

Published on Apr 13, 2026, 01:51 PM | 1 min read

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആവേശജയത്തിന് പിന്നാലെ, സഹോദരൻ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷമാക്കിയ ക്രുനാൽ പാണ്ഡ്യയുടെ ദൃശ്യങ്ങൾ വൈറലാകുന്നു.


ആർസിബി ഉയർത്തിയ 241 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി ഹാർദിക് പൊരുതിയെങ്കിലും 22 പന്തിൽ 40 റൺസെടുത്ത് പുറത്തായി. ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെപ്പേർഡ് പിടിച്ചാണ് നിർണായക സമയത്ത് മുംബൈ നായകൻ മടങ്ങിയത്. ഹാർദിക് പുറത്തായ ഉടൻ റൊമാരിയോ ഷെപ്പേർഡിനൊപ്പം തുള്ളിച്ചാടി ആഘോഷിച്ച ക്രുനാലിനെ ഹാർദിക് ദേഷ്യത്തോടെ തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.


വാങ്കഡെ സ്റ്റേഡിയം എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഇടമാണെന്ന് മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ക്രുനാൽ മത്സരശേഷം പറഞ്ഞു. ആറ് വർഷത്തോളം മുംബൈയ്ക്കായി ഇവിടെ കളിച്ചതും മൂന്ന് കിരീടങ്ങൾ നേടിയതും വലിയ ഭാഗ്യമായി കരുതുന്നു.


"രണ്ട് പാണ്ഡ്യമാരിൽ ഒരാൾക്ക് ജയിച്ചേ തീരൂ, ഇത്തവണ ആ ഭാഗ്യം എനിക്കായിരുന്നു. കഴിഞ്ഞ വർഷം പറഞ്ഞതുപോലെ തന്നെ, പോയിന്റുകൾ ഒടുവിൽ ഞങ്ങളുടെ വീട്ടിലേക്ക് തന്നെയാണ് വരുന്നത്," എന്നും ക്രുനാൽ തമാശരൂപേണ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.


റൺമഴ കണ്ട മത്സരത്തിൽ പന്തുകൊണ്ട് മികച്ച പ്രകടനമാണ് ക്രുനാൽ കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയ താരം, അപകടകാരിയായ സൂര്യകുമാർ യാദവിന്റെ വിക്കറ്റ് വീഴ്ത്തി മുംബൈയുടെ കുതിപ്പിന് തടയിട്ടു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് മുംബൈ ഇന്ത്യൻസ് വഴങ്ങിയത്. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുംബൈ.


ഫിൽ സാൾട്ട്, വിരാട് കോലി, രജത് പാട്ടിദാർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആർസിബി 240 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിൽ ഷെറഫൈൻ റൂഥർഫോർഡ് 31 പന്തിൽ 71 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 222 റൺസിൽ അവസാനിച്ചു. 18 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. ഈ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home