ഇറാന് ട്രംപിന്റെ ഭീഷണി; 'പിക്ആക്‌സ് മൗണ്ടൻ' ആണവനിലയം തകർക്കുമെന്ന് മുന്നറിയിപ്പ്

പിക്ആക്‌സ് മൗണ്ടൻ| Photo: NDTV
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തർക്കവും ഇരുരാജ്യങ്ങളും തമ്മിലുള്ള തിരിച്ചടികളും തുടരുന്നതിനിടെ, ഇറാന്റെ നിർമാണത്തിലിരിക്കുന്ന ഭൂഗർഭ ആണവനിലയമായ 'പിക്ആക്‌സ് മൗണ്ടൻ' ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പ്രധാന ആണവസമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് സമീപം പർവതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള വിധം യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങളും സെൻട്രിഫ്യൂജുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഒവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അധികം വൈകാതെ തന്നെ നമ്മൾ ആ പ്രദേശം ആക്രമിക്കും. അതിനെതിരെ ഒന്നും ചെയ്യാൻ അവർക്കാവില്ല, ട്രംപ് പറഞ്ഞു. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 220 കിലോമീറ്റർ തെക്കും നതാൻസ് ആണവനിലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്ന മലനിരകളിലാണ് ഈ രഹസ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കൂ-ഇ കൊളംഗ് ഗാസ് ലാ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ ഭൂഗർഭ നിലയത്തിന് 2.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങളും റവല്യൂഷണറി ഗാർഡുകളും അടങ്ങുന്ന സുരക്ഷാ വലയത്തിലാണ് നിലയം. 2020ൽ നതാൻസിലുണ്ടായ സ്ഫോടനത്തിന് ശേഷമാണ് പർവതത്തിന് താഴെ നൂറ് മീറ്ററിലധികം ആഴത്തിൽ ഇറാൻ പുതിയ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചത്.
2025ലെ ആക്രമണങ്ങളിൽ നതാൻസിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും പിക്ആക്‌സ് മൗണ്ടൻ തകർക്കാൻ കഴിഞ്ഞിരുന്നില്ല. അതിശക്തമായ സംരക്ഷണമുള്ള ഈ ഭൂഗർഭ നിലയം തകർക്കാൻ അമേരിക്കയ്ക്ക് എത്രത്തോളം സാധിക്കുമെന്നതിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഭൂമിക്കടിയിലേക്ക് 60 മീറ്റർ വരെ കടന്നുചെന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ള ജിബിയു-57 എന്ന ബങ്കർ ബസ്റ്റർ ബോംബുകൾ അമേരിക്കയുടെ പക്കലുണ്ടെങ്കിലും നൂറ് മീറ്ററിലധികം ആഴത്തിലുള്ള ഈ നിലയത്തെ തകർക്കാൻ ഇവ പര്യാപ്തമാണോ എന്ന് വ്യക്തമല്ല.









0 comments