ad
Deshabhimani

ജപ്പാനിൽ ഉഷ്‌ണതരംഗം രൂക്ഷം; ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

Japan

photo: Getty Images

വെബ് ഡെസ്ക്

Published on Jul 22, 2026, 10:28 PM | 1 min read

ടോക്കിയോ : രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ചരിത്രത്തിലാദ്യമായി കൊകുഷോബി (കഠിനമായ ചൂടുള്ള ദിവസം) മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി കഴിഞ്ഞ ഏപ്രിലിൽ രൂപീകരിച്ച പുതിയ നിബന്ധന പ്രകാരമാണ് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയതോടെ ജനങ്ങൾക്ക് ആദ്യമായി ഈ മുന്നറിയിപ്പ് നൽകിയത്. മധ്യ ജപ്പാനിലെ തജിമി, ഗുജോ, ടൊയോഡ എന്നീ മൂന്ന് നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് തൊട്ടു. രാജ്യത്തുടനീളമുള്ള 914 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 300ഓളം കേന്ദ്രങ്ങളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും അതിതീവ്രമായ ചൂട് തുടരുമെന്നാണ് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ വിലയിരുത്തൽ.


കൊടും ചൂടിനെ തുടർന്ന് രാജ്യത്തെ 40ലധികം പ്രവിശ്യകളിൽ അധികൃതർ ഹീറ്റ് സ്ട്രോക്ക് (സൂര്യതാപം) ജാഗ്രതാ നിർദ്ദേശം നൽകിയി. മൂന്ന് വയ സുള്ള കുട്ടികൾ മുതൽ വയോധികർ വരെ ഉൾപ്പെടെ 287 പേരെയാണ് ചൊവ്വാഴ്ച മാത്രം ടോക്കിയോയിൽ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഈ വർഷം ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതേതുടർന്ന് ആംബുലൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഫയർ ഡിപ്പാർട്ട്‌മെന്റ് പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.


എയർകണ്ടീഷണറുകൾ ഉപയോഗിക്കാനും ആവശ്യത്തിന് വെള്ളവും ഉപ്പും അടങ്ങിയ പാനീയങ്ങൾ കുടിക്കാനും പുറത്തിറങ്ങിയുള്ള ജോലികൾ ഒഴിവാക്കാനും സർക്കാർ നിർദ്ദേശം നൽകി. ചൂട് കടുത്തതോടെ ഓഫീസുകളിൽ കോട്ടും ടൈയും ധരിക്കുന്നതിന് പകരം ടി-ഷർട്ടും ഷോർട്സും അടക്കമുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ജോലി ചെയ്യാൻ ജീവനക്കാരോട് ടോക്കിയോ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടു.


കഴിഞ്ഞ വർഷം ജോലിസ്ഥലത്ത് സൂര്യാഘാതമേറ്റവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കായ 1,803ൽ എത്തിയിരുന്നു. ഇതിൽ 19 പേർ മരണപ്പെട്ടു. 25, 30, 35 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ദിവസങ്ങൾക്ക് ജപ്പാനിൽ നേരത്തെ തന്നെ പ്രത്യേക പേരുകൾ ഉണ്ടായിരുന്നുവെങ്കിലും, കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് 40 ഡിഗ്രി കടന്നതോടെയാണ് കൊകുഷോബി മുന്നറിയിപ്പ് നൽകാൻ കാലാവസ്ഥാ ഏജൻസി നിർബന്ധിതരായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home